കൊല്ലം: ഗാന്ധിജിയുടെ ദീപ്തസ്മരണ പുതുക്കി രക്തസാക്ഷിദിനം സമുചിതമായി ആചരിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ഗാന്ധിയൻ സംഘടനകളുടെയും നേതൃത്വത്തിൽ ശാന്തിയാത്രയും ഗാന്ധിപ്രതിമയിൽ ഹാരാർപ്പണവും ഗാന്ധിഅനുസ്മരണ സമ്മേളനവും നടന്നു. ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ ശാന്തിയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. സാംസ്കാരിക പ്രവർത്തകർ, സ്കൂൾ വിദ്യാർഥികൾ, യുവാക്കൾ, ഗാന്ധിയൻ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ അണിനിരന്ന ശാന്തിയാത്ര ബീച്ച് റോഡ് വഴി ഗാന്ധിപാർക്കിൽ സമാപിച്ചു.
ഗാന്ധി പ്രതിമയിൽ ഹാരാർപ്പണത്തോടെ ആരംഭിച്ച അനുസ്മരണ സമ്മേളനം എം. നൗഷാദ് എം. എൽ. എ ഉദ്ഘാടനം ചെയ്തു.
മേയർ ഹണി ബഞ്ചമിൻ അധ്യക്ഷയായി. ഗാന്ധി പീസ് ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ പോൾ മത്തായി ദേശിയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, മുൻ എം. എൽ. എ ജി പ്രതാപവർമ തമ്പാൻ, ഓമനക്കുട്ടി ടീച്ചർ, പ്രൊഫ പി. ഒ. ജെ. ലബ്ബ, ജി. ആർ കൃഷ്ണകുമാർ, എ. ഡി. എം. പി. ആർ ഗോപാലകൃഷ്ണൻ, തഹസിൽദാർ ബി. പി. അനി, അയത്തിൽ സുദർശൻ, കുരീപ്പുഴ ഷാനവാസ്, എം മാത്യൂസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി അജോയ് തുടങ്ങിയവർ സംസാരിച്ചു. ഉമയനല്ലൂർ ഗോവിന്ദരാജ് ഭാഗവതരുടെ നേതൃത്വത്തിൽ സർവമത പ്രാർഥനയും നടന്നു. അനുസ്മരണ ചടങ്ങിൽ പങ്കെടുത്തവർക്ക് ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. ഹരിത ചട്ടം പാലിച്ചാണ് അനുസ്മരണ പരിപാടികൾ നടന്നത്.