പാർക്കിംഗിന് ഫീസ്
ഇന്ന് സ്ഥല പരിശോധന
കൊല്ലം: അനധികൃത വാഹന പാർക്കിംഗ് മൂലമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഫെബ്രുവരി പകുതിയോടെ നഗരഹൃദയത്തിലെ റോഡ് വക്കുകളിൽ പത്ത് പാർക്കിംഗ് കേന്ദ്രങ്ങൾ തുടങ്ങും. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിശ്ചിത ഫീസും ഈടാക്കും. നഗരസഭാ പ്രതിനിധികളും പൊലീസും അടങ്ങുന്ന സംഘം ഇന്ന് രാവിലെ സ്ഥല പരിശോധന നടത്തും. തുടർന്നാണ് പാർക്കിംഗ് കേന്ദ്രങ്ങളുടെ അതിർത്തി നിർണയിക്കുന്നത്.
നഗരസഭയ്ക്ക് പുറമേ പൊലീസിന്റെ കൂടി നിയന്ത്രണത്തിലാകും പുതിയ പാർക്കിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തനം. പാർക്കിംഗ് കേന്ദ്രങ്ങളുടെ മേൽനോട്ടത്തിന് ഒന്നോ രണ്ടോ സൂപ്പർവൈസർമാരെയും നിയോഗിക്കും.
പാർക്കിംഗ് മേഖലയിൽ ബോർഡുകൾ സ്ഥാപിക്കുന്നതിനൊപ്പം റോഡിൽ വെളുത്ത വരകൾ വരച്ച് കൃത്യമായി സ്ഥലം അടയാളപ്പെടുത്തും. റോഡിലെ വെളുത്ത വരകൾക്ക് പുറത്ത് പാർക്ക് ചെയ്യുന്നവർക്ക് ആദ്യഘട്ടത്തിൽ ബോധവൽക്കരണം നൽകും. പിന്നീട് 500 രൂപയിൽ കുറയാത്ത പിഴ ചുമത്തും.
ഫീസ് (മണിക്കൂറിന് )
കാറുകൾക്ക് 4 രൂപ
ബൈക്കുകൾക്ക് 2 രൂപ
ലക്ഷ്യം ഫ്രീ റോഡ്
റോഡ് വക്കിൽ തോന്നുന്ന ഇടങ്ങളിലെല്ലാം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് നിശ്ചിത സ്ഥലങ്ങൾ പാർക്കിംഗ് കേന്ദ്രങ്ങളാക്കുന്നത്. പണം നൽകേണ്ടി വരുന്നതോടെ അനാവശ്യ പാർക്കിംഗ് ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ആദ്യഘട്ടമായാണ് പത്ത് കേന്ദ്രങ്ങൾ തുടങ്ങുന്നത്. പിന്നീട് കൂടുതൽ സ്ഥലങ്ങളിൽ ആരംഭിക്കും. ഒഴിഞ്ഞു കിടക്കുന്ന റവന്യൂ ഭൂമികളിലും പാർവതി മിൽ അടക്കമുള്ള സ്ഥലങ്ങളിലും പാർക്കിംഗ് സംവിധാനം ഏർപ്പെടുത്താനുള്ള ചർച്ചകൾ ഉടൻ ആരംഭിക്കും.''
വി.എസ്. പ്രിയദർശൻ (നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ)
100 മീറ്റർ നീളത്തിൽ ഒരു ട്രാഫിക് വാർഡൻ
പാർക്കിംഗ് ഫീസ് പിരിക്കാനുള്ള ചുമതല നഗരസഭ തിരഞ്ഞെടുക്കുന്ന ട്രാഫിക് വാർഡൻമാരെയാകും ഏൽപ്പിക്കുക. നൂറ് മീറ്റർ നീളത്തിൽ ഒരു ട്രാഫിക് വാർഡൻ വീതം ഉണ്ടാകും. ഈ ട്രാഫിക് വാർഡന്മാർക്ക് അതാതിടങ്ങളിലെ ഗതാഗത നിയന്ത്രണ ചുമതലയും ഉണ്ടാകും. ഫീസിനത്തിൽ ലഭിക്കുന്ന പണം ഉപയോഗിച്ചായിരിക്കും വാർഡന്മാർക്ക് ശമ്പളം നൽകുക.
10 പാർക്കിംഗ് കേന്ദ്രങ്ങൾ
1. റെയിൽവെ സ്റ്റേഷൻ- കർബല റോഡ്
2. കർബല- എസ്.എൻ കോളേജ് റോഡിൽ ശാരദാമഠം വരെ
3. എസ്.എം.പി പാലസ് റോഡിൽ തിയേറ്റർ മുതൽ പട്ടാളത്ത് പള്ളി വരെ
4. ജില്ലാ ആശുപത്രി റോഡ്
5. മെയിൻ റോഡ്
6. ബീച്ച് റോഡിൽ ബെൻസിഗർ ആശുപത്രി മുതൽ കൊച്ചുപിലാംമൂട് വരെ,
7. ആശ്രാമം- പുള്ളിക്കട റോഡ്
8. കടപ്പാക്കട- കപ്പലണ്ടിമുക്ക് റോഡ്
9, ലിങ്ക് റോഡിൽ നായേഴ്സ് ആശുപത്രി മുതൽ അഡ്വഞ്ചർ പാർക്ക് വര
10. ക്രേവൻ സ്കൂളിന് സമീപം