winners
മാത്തൂർ ഗോവിന്ദൻ കുട്ടി, തോന്നയ്ക്കൽ പീതാംബരൻ, എസ്.കുട്ടൻ

കൊല്ലം: വെണ്ടാർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഉപദേശക സമിതി കലാമണ്ഡലം ഹൈദരാലിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കഥകളി പുരസ്കാരം കഥകളി നടൻ മാത്തൂർ ഗോവിന്ദൻ കുട്ടിക്ക് നൽകുമെന്ന് ക്ഷേത്രോപദേശ സമിതി പ്രസിഡന്റ് എ.എസ്.മിഥുൻ, സെക്രട്ടറി എം.കെ.കൃഷ്ണേന്ദു, ബി.രാധാകൃഷ്ണപിള്ള എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കഥകളി സംബന്ധമായ മികച്ച പുസ്തകത്തിനു നൽകുന്ന കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി സ്മാരക പുരസ്കാരം തോന്നയ്ക്കൽ പീതാംബരനും വെണ്ടാർ ജി.ബാലകൃഷ്ണപിള്ള സ്മാരക പുരസ്കാരം എസ്.കുട്ടനും നൽകും. 5,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡുകൾ.

ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ച് 7ന് വൈകിട്ട് 7ന് നടക്കുന്ന ചടങ്ങി‍ൽ പുരസ്കാരങ്ങൾ സമ്മാനിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ഭക്ഷ്യകമ്മിഷൻ ചെയർമാൻ കെ.വി.മോഹൻകുമാർ, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കും.