പത്തനാപുരം: വിദ്യാലയത്തിന് സമീപത്തെ പാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയത് വിദ്യാർത്ഥികളേയും നാട്ടുകാരെയും ദുരിതത്തിലാക്കി.
പത്തനാപുരം- കൊട്ടാരക്കര മിനി ഹൈവേയിൽ തലവൂർ കുര ഗവ. എൽ.പി സ്കൂളിന് സമീപത്തായാണ് സംഭവം. കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവമെന്ന് കരുതുന്നു. അസഹനീയമായ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് കക്കൂസ് മാലിന്യം തള്ളിയതായി ശ്രദ്ധയിൽപ്പെട്ടത്.
നൂറുകണക്കിന് വിദ്യാർത്ഥികളാണ് കുര സ്കൂളിൽ പഠിക്കുന്നത്. ഇവരാണ് മാലിന്യ നിക്ഷേപത്താൽ ബുദ്ധിമുട്ടിയത്. ആയിരക്കണക്കിന് വാഹനങ്ങളും ദിവസവും പാതയിലൂടെ കടന്നുപോകുന്നുണ്ട്. ഇവരും ദുർഗന്ധത്താൽ പൊറുതിമുട്ടി. എന്നാൽ ഇതുവരെയും മാലിന്യം നീക്കം ചെയ്യാൻ അധികൃതർ തയാറായിട്ടില്ല. വിവരം അറിയിച്ചിട്ടും പ്രദേശത്ത് ആരോഗ്യവകുപ്പ് ജീവനക്കാർ ക്ലോറിനേഷൻ നടത്തിയില്ലന്നും ആക്ഷേപമുണ്ട്.
ശുചീകരണത്തിന്റെ മറവിൽ തിരിമറി
സെപ്ടിക് ടാങ്ക് ശുചീകരണത്തിന്റെ മറവിൽ വൻതിരിമറിയാണ് പലയിടത്തും നടത്തുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും കക്കൂസ് മാലിന്യങ്ങൾ നിറയുമ്പോഴാണ് സഹായത്തിനായി ഇത് നീക്കം ചെയ്യുന്നവരുടെ സഹായം തേടേണ്ടിവരുന്നത്. മോട്ടോർ ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കി മാലിന്യം ലോറികളിൽ കയറ്റിക്കൊണ്ട് പോകുന്നതാണ് പതിവ്. ഒരു ടാങ്ക് മാലിന്യം കൊണ്ടുപോകുന്നതിന് 5000 രൂപ മുതൽ 8000 രൂപ വരെയാണ് വാങ്ങുന്നത്. ദൂരത്തിനനുസരിച്ച് തുകയും കൂടും. രാത്രിയുടെ മറവിലാണ് ഇവർ എത്താറുള്ളത്. ടാങ്കിന്റെ എണ്ണത്തിനനുസരിച്ചാണ് തുക എന്നതിനാൽ രാത്രികാലങ്ങളിൽ ടാങ്ക് നിറയാതെ തന്നെ കൊണ്ടു പോകുന്നതായും ആക്ഷേപമുണ്ട്. ഒരു ടാങ്കിൽ കൊണ്ടു പോകാനുള്ളത് രണ്ടും മൂന്നും ട്രിപ്പാക്കി ചൂഷണം ചെയ്യുന്നുമുണ്ട്. ടാങ്ക് നിറഞ്ഞോ എന്ന് മിക്കവരും പരിശോധിക്കാറില്ല ഇതും ഇത്തരക്കാർക്ക് സഹായമാകുന്നു.
വലിച്ചെറിയുന്നത് പാതയോരത്ത്
കക്കൂസ് മാലിന്യം സംസ്കരിക്കുന്നതിന് പ്രത്യേക സ്ഥലമുണ്ടെന്ന് ബോദ്ധ്യപ്പെടുത്തിയാണ് മാലിന്യം ശേഖരിക്കുന്നതെങ്കിലും ഇത് നിക്ഷേപിക്കുന്നത് വിജനമായ പാതയോരത്തും ജലാശയങ്ങളിലുമാണ്.
നിരീക്ഷണ കാമറ ഇല്ലാത്തതും വാഹനങ്ങൾ കൂടുതലായി കടന്നു പോകാത്തതുമായ സ്ഥലങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.
വിജനമായ സ്ഥലത്ത് ടയർ പഞ്ചറായെന്നും എൻജിൻ തകരാറായെന്നും പറഞ്ഞ് വാഹനം നിറുത്തിയിട്ട ശേഷം മാലിന്യം തുറന്നുവിടുകയാണ് ഇവരുടെ പതിവ്.
...................................................
മനുഷ്യവിസർജ്യം ഉൾപ്പെടെയുള്ള മാലിന്യം റോഡരികുകളിലും ജലാശയങ്ങളിലും നിക്ഷേപിച്ച വാഹനങ്ങൾ ഡ്രൈവറും ക്ലീനറും ഉൾപ്പെടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും നടപടികൾ എങ്ങുമെത്താറില്ല. പലപ്പോഴും ഇവരെ നിസാര വകുപ്പുകൾ ചുമത്തി വിടുകയാണ് പതിവ്. ഇതാണ് മാലിന്യനിക്ഷേപം വർദ്ധിക്കാൻ കാരണം. ഇത്തരക്കാർക്കെതിരെ നടപടി വേണം.
ബിജു ടി.ഡിക്രൂസ്, യൂത്ത്ഫ്രണ്ട്(എം) ജില്ലാ പ്രസിഡന്റ്