ഫെസ്റ്റിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികളുടെ പങ്കാളിത്തം
കൊല്ലം: അമൃത വിശ്വവിദ്യാ പീഠത്തിന്റെ അമൃതപുരി കാമ്പസിൽ ആരംഭിച്ച ദേശീയ അന്തർ കലാലയ മൾട്ടി ഫെസ്റ്റ് 'വിദ്യുത് 2020" അറിവിന്റെയും സാങ്കേതിക വിദ്യയുടെയും വേദിയായി. പതിനഞ്ച് ശിൽപ്പശാലകൾ, ഇരുപത് മത്സരങ്ങൾ, വിവിധ പ്രദർശനങ്ങൾ എന്നിവ ഇന്നലെ ഫെസ്റ്റിന്റെ ഭാഗമായി നടന്നു. 'ഹീൽ ദി വേൾഡ്' എന്ന ആശയം മുൻ നിറുത്തി 30ന് ആരംഭിച്ച ഒമ്പതാമത് വിദ്യുത് ഫെസ്റ്റിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. അറിവിനൊപ്പം കലയും ഒത്തു ചേരുന്ന ഫെസ്റ്റിൽ 15 ലക്ഷം രൂപയുടെ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരം കുട്ടികൾക്കുണ്ട്. ഫെസ്റ്റിന്റെ അവസാന ദിവസമായ ഇന്നും ശിൽപ്പശാലകളും മത്സരങ്ങളും ഉണ്ട്. പ്രശസ്‌ത ഇലക്ട്രേണിക്‌സ് ഡാൻസ് മ്യൂസിക് ബാൻഡായ 'ന്യൂക്ലിയ"യുടെ പ്രകടനത്തോടെ ഫെസ്റ്റ് പൂർണമാകും.
ശ്രദ്ധേയമായി ഓട്ടോ എക്‌സ്‌പോ
വാഹനങ്ങളുടെ പഴയ മോഡലുകൾ മുതൽ അത്യന്താധുനിക പതിപ്പുകൾ വരെ ഓട്ടോ എക്‌സ്‌പോയിൽ കാണാം. വാഹന പ്രേമികൾക്കും വിദ്യാർത്ഥികൾക്കും മോട്ടോർ വ്യവസായത്തിന്റെ പുതുമകൾ കണ്ടെത്താനും അനുഭവിക്കാനും അവസരമൊരുക്കുകയാണ് പ്രദർശനം. ഓട്ടോ എക്‌സ്‌പോയുടെ ഉദ്ഘാടന ചടങ്ങിൽ കേരളത്തിന്റെ ബുള്ളറ്റ് ക്വീൻ എന്നറിയപ്പെടുന്ന ഷൈനി രാജ്കുമാർ തന്റെ അനുഭവങ്ങൾ പങ്കുവച്ചു.
ഏഴ് സൂപ്പർകാറുകൾ, 20 സൂപ്പർ ബൈക്കുകൾ, ആധുനിക സംവിധാനങ്ങളോടെ പരിഷ്‌കരിച്ച 20 കാറുകൾ തുടങ്ങിയവയാണ് കാഴ്ചക്കാരുടെ ശ്രദ്ധ നേടിയത്. ലംബോർഗിനി ഹുറാക്കൻ എൽപി 610, സുപ്ര, പോർഷെ 911 കരേര, മസ്റ്റാംഗ് ജി ടി, ജാഗ്വാർ എഫ് ടൈപ്പ് വി 8, ജീപ്പ് റാൻഗ്ലർ (ജെ.കെ) എന്നിവരുടെ വാഹനങ്ങളും പ്രദർശന നഗരിയിലുണ്ടാകും.
സ്‌പെക്ട്ര മുതൽ ആഡ് അസ്ത്ര വരെ
പന്ത്റണ്ട് സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഒരുക്കിയ പുത്തൻ സാങ്കേതിക വിദ്യകളുടെ പ്രദർശനമായ സ്‌പെക്ട്ര, ബയോടെക്നോളജി, ജനറൽ മെഡിസിൻ, ആയുർവേദം എന്നിവയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പരിചയപ്പെടുത്തുന്ന ലൈഫ് സയൻസസ് എക്‌സ്‌പോ, അമൃത വില്ലേജ് എക്‌സ്‌പോ, കോളേജ് വിദ്യാർത്ഥികൾ നടത്തുന്ന ആഡ് അസ്ത്ര പ്രദർശനം തുടങ്ങിയവയും ഫെസ്റ്റിൽ ശ്രദ്ധ നേടുകയാണ്.
ഭക്ഷണത്തിലെ മായം കണ്ടെത്താൻ പരിശീലനം
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷയെ ക്കുറിച്ചുള്ള പരിശീലനവും കുട്ടികൾക്ക് നൽകി. പാൽ ഉൽപ്പന്നങ്ങൾ, എണ്ണ, കൊഴുപ്പ്,പഞ്ചസാര, ഭക്ഷ്യധാന്യങ്ങൾ, ധാന്യ ഉൽപ്പന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാനീയങ്ങൾ തുടങ്ങിയവയിലെ മായം ചേർക്കൽ കണ്ടെത്താനുള്ള ലാബ് പരിശീലനവും നടത്തി.
ഫോട്ടോഗ്രാഫി സാദ്ധ്യതകൾ
ചർച്ചയാക്കി ശിൽപ്പശാല
ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന പ്രമാണങ്ങൾ,പ്രൊഫഷണൽ ലൈറ്റിംഗ്, കാമറകളിലെ പുതിയ സാങ്കേതികവിദ്യകൾ എന്നിവയെ കുറിച്ചുള്ള വിശദമായ പരിശീലനം നൽകുന്നതായിരുന്നു ഫ്യൂജി ഫിലിം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ ഫോട്ടോഗ്രാഫി വർക്ക്ഷോപ്പ്.