ഓച്ചിറ: നിർമ്മാണം ആരംഭിച്ച് ഒരു വർഷമായിട്ടും അധികൃതരും കോൺട്രാക്ടറും തമ്മിലുള്ള ഒത്തുകളി മൂലം പണി പൂർത്തീകരിക്കാത്ത ഇടയനാമ്പലം _ വള്ളിക്കാവ് റോഡിൽ ചപ്പാത്തിൽ വീണ് യുവാവിന്റെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരുടെയും കോൺട്രാക്ടറുടെയും പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ക്ലാപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൻ റോഡ് ഉപരോധിച്ചു. കഴിഞ്ഞ മാർച്ചിൽ റോഡ് പണി ആരംഭിച്ചെങ്കിലും ടാറിംഗ് ഒഴികെയുള്ള പണികളായ സൈഡ് ഫില്ലിംഗ്, ഓടക്ക് സ്ലാബിടൽ, ചപ്പാത്ത് തുടങ്ങിയവ ഇനിയും അവശേഷിക്കുന്നു. വള്ളിക്കാവിന് സമീപമുള്ള കാരേലി മുക്കിലെ ചപ്പാത്ത് പണിയേണ്ട ഭാഗം റോഡിനു കുറുകേ വൻകുഴിയായി മാറിയിരിക്കുകയാണ്. ഈ ഭാഗത്ത് വച്ചാണ് കഴിഞ്ഞ ദിവസം രാത്രി ബൈക്ക് യാത്രക്കാരനായ വെള്ളനാതുരുത്ത് സ്വദേശി അക്ഷയ് കുമാറിന്റെ 19) ജീവൻ പൊലിഞ്ഞത്. കുഴിയിൽ വീണ ബൈക്ക് നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ചാണ് യുവാവ് മരിച്ചത്. കഴിഞ്ഞ മാസം പുതുത്തെരുവ് പള്ളിക്ക് സമീപമുള്ള റോഡ് സൈഡിലെ കുഴിയിൽ വീണ വയോധികയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. അവർ ഇപ്പോഴും ചികിത്സയിലാണ്. അമൃതയുൾപ്പെടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. ഉപരോധത്തെ തുടർന്ന് പൊലീസും പി.ഡബ്ലിയു.ഡി അധികൃതരും സംഭവസ്ഥലത്തെത്തി അപകടസ്ഥലത്തെ കുഴി നികത്താമെന്നും അടുത്ത മൂന്ന് ദിവസത്തിനകം ബാക്കി പണികൾ പൂർത്തീകരിക്കാമെന്നും ഉറപ്പ് നൽകി. തുടർന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് ആർ. സുധാകരൻ ഉപരോധം ഉദ്ഘാടനം ചെയ്തു. ജി. യതീഷ്, അഡ്വ. സജീവ്, ജി. ബിജു, കെ.വി. സൂര്യകുമാർ, സുരേഷ് ബാബു. കൊല്ലടി രാധാകൃഷ്ണൻ, എം.എസ്. രാജു, ഷാനവാസ്, ഷിഹാബ്, ജീവൻ, അനു അശോക് തുടങ്ങിയവർ സംസാരിച്ചു. രവീന്ദ്രൻ പറയന്റയ്യത്ത്, ജോർജ്, ഡി. പ്രഭ, മോഹനൻ പിള്ള, വിജയകുമാർ, അഖിൽ പ്രകാശ്, പൊന്നപ്പൻ, നെബൂ, സിയാദ്, അഖിൽ അശോക്, ഷംസ്, ജോൺസൺ, സക്കീർ തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.