c
കൊറോണ

 ഇന്നലെ നിരീക്ഷണത്തിലായത് 28 പേ‌ർ

കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയവരുൾപ്പെടെ ജില്ലയിൽ 128 പേർ നിരീക്ഷണത്തിൽ. ആറ് പേർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ശേഷിക്കുന്നവർ അവരവരുടെ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

വ്യാഴാഴ്ച വരെ 100 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രണ്ട് പേരും. ഇന്നലെയാണ് 28 പേരെ അധികമായി നിരീക്ഷണ പരിധിയിൽ കൊണ്ടുവന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നാല് പേരെക്കൂടി ഇന്നലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ളവർക്ക് രോഗലക്ഷണങ്ങൾ ഉള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. നിരീക്ഷണത്തിൽ കഴിയുന്നവരുടെ പ്രാഥമിക രക്തപരിശോധനയിൽ പ്രശ്നങ്ങളില്ലെങ്കിലും വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ അധികവും ചൈനയിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളും ഇവരുമായി അടുത്ത സമ്പ‌ർക്കം പുലർത്തിയവരുമാണ്.

മുന്നറി​യി​പ്പും മാർഗ്ഗ നി​ർദേശവും
1.വിദേശത്ത് നിന്നെത്തുന്നവർ ദീർഘദൂര യാത്രകളും ആഘോഷങ്ങളും ഒഴിവാക്കണം.

2. ഏതെങ്കിലും വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നവർ സ്വയം ചികിത്സ ഒഴിവാക്കി വൈദ്യസഹായം തേടണം.

3.രോഗബാധിത മേഖലയിൽ നിന്ന് 14 ദിവസത്തിനകം നാട്ടിലെത്തിയവർ, കൊറോണ വൈറസ് രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവർ, രോഗികളെ ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാർ എന്നിവർ ഉടൻ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണം. ഇവർ ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും.

സജ്ജീകരണം

1.പാരിപ്പള്ളി മെഡിക്കൽ കോളേജിന് പുറമെ ജില്ലാ ആശുപത്രിയിലും പ്രത്യേക ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.

2. രണ്ടിടങ്ങളിലും പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാരുടെ സേവനവുമുണ്ട്.

3. ജില്ലാആശുപത്രിയിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വാർഡും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ സംവിധാനമുള്ള വാർഡുമാണ് ഒരുക്കിയിരിക്കുന്നത്.

4. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രിയിലും എയർ ബോൺ ഇൻഫക്ഷൻ കൺട്രോൾ, കഫ് കോർണർ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.