c

കൊല്ലം: പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പി കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദനത്തോപ്പിൽ നിന്ന് കേരളപുരത്തേക്ക് നടത്തിയ ജനജാഗരണ യാത്രയ്ക്ക് നേരെ ആക്രമണം. ഇന്നലെ വൈകിട്ട് 5.45ന് ചന്ദനത്തോപ്പിലായിരുന്നു സംഘർഷം. സ്ത്രീകളടക്കമുള്ള ബി.ജെ.പി പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായി. എസ്.ഡി.പി.ഐ പ്രവർത്തകർ ജാഥയിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചത് ബി.ജെ.പി പ്രവർത്തകർ ചെറുത്തതോടെ ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ബി.ജെ.പി പ്രവർത്തകരും എസ്.ഡി.പി.ഐ പ്രവർത്തകരും തമ്മിലുണ്ടായ ഏ​റ്റുമുട്ടലിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. കെ.എ.പി മൂന്നാം ബ​റ്റാലിയനിലെ പ്രിനോ, നിഥിൻ എന്നീ പൊലീസുകാർക്കും ബി.ജെ.പി, എസ്.ഡി.പി.ഐ പ്രവർത്തകരായ അഞ്ചോളം പേർക്കുമാണ് പരിക്കേ​റ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. എ.സി.പി മാരായ എ. പ്രദീപ് കുമാർ, എം. എ നസീർ, കൊട്ടാരക്കര ഡിവൈ.എസ്‌.പി നാസറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. സംഘർഷത്തിന് അയവ് വന്നില്ലെങ്കിലും സ്ഥിതിഗതികൾ നിയന്ത്റണവിധേയമാണെന്ന് പൊലീസ് പറഞ്ഞു.

എസ്.ഡി.പി.ഐ പ്രവർത്തകരെ

അറസ്റ്റ് ചെയ്യണം: ബി.ജെ.പി

ചന്ദനത്തോപ്പിൽ ബി.ജെ.പി പ്രവർത്തകർ സമാധാനപരമായി നടത്തിയ ജനജാഗരണ യാത്രയ്ക്ക് നേരെ കല്ലേറ് നടത്തുകയും സ്ത്രീകളടക്കമുള്ള പ്രവർത്തകരെ ആക്രമിക്കുകയും ചെയ്ത എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാർ ആവശ്യപ്പെട്ടു. കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന പ്രവർത്തകരെയും പൊലീസുകാരെയും ഗോപകുമാർ സന്ദർശിച്ചു.