കൊല്ലം: നരേന്ദ്രമോദി സർക്കാരിന്റെ ബി ടീമായി പിണറായി സർക്കാർ മാറിയെന്ന് സംസ്‌കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. സംസ്‌കാര സാഹിതിയുടെ കാവൽയാത്രയ്ക്ക് കല്ലുവാതുക്കലിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമഭേദഗതിക്കെതിരെ മനുഷ്യശൃംഖല തീർത്തവർ പൗരത്വ രജിസ്റ്ററിനായി എന്യൂമറേറ്റർമാരെ നിയമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വീകരണ യോഗം ഫാ. ഡോ. ഫെർഡിനന്റ് കായാവിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എസ്. സുധീശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. നടയ്ക്കൽ ശശി, നെടുങ്ങോലം രഘു, ഗിരിജാ ഗോപാലകൃഷ്ണൻ, വട്ടക്കുഴിക്കൽ മുരളി എന്നിവർ പ്രസംഗിച്ചു. മാദ്ധ്യമ പ്രവർത്തകൻ ഗോപിനാഥ് മഠത്തിലിനെ ചടങ്ങിൽ ആദരിച്ചു. ആര്യാടൻ ഷൗക്കത്ത് രചനയും സംവിധാനവും നിർവഹിച്ച 'ഞാൻ പൗരൻ പേരു ഭാരതീയൻ' എന്ന തെരുവു നാടകവും കവിയരങ്ങും സാംസ്‌കാരിക പരിപാടികളും ഇതോടൊപ്പം നടന്നു.