കുടുങ്ങിയവരിൽ ഭൂരിഭാഗവും മദ്യപിച്ച് വാഹനം ഓടിച്ചവർ

തൃശൂർ: കഴിഞ്ഞ കാലങ്ങളില്ലാത്ത തരത്തിൽ വൻതിരക്കിൽ പുതുവർഷം കൊണ്ടാടിയപ്പോൾ സുരക്ഷ ഒരുക്കാനും ഗതാഗതം നിയന്ത്രിക്കാനും പൊലീസ് നട്ടംതിരിഞ്ഞു. കേസുകളുടെ എണ്ണം കൂടി, ഭൂരിഭാഗവും മദ്യപിച്ച് വാഹനമോടിച്ച കേസുകളും. ജില്ലയിൽ 188കേസുകളിലായി 80000 രൂപ പിഴയീടാക്കി. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും, ചേലക്കരയിലുമാണ്.
മഫ്ടിപൊലീസും, ബോംബ്‌- ഡോഗ് സ്‌ക്വാഡുകളും നടത്തിയ സംയുക്ത ഓപറേഷനെ തുടർന്ന് നിയമലംഘകരെ മുൻകൂറായി കുടുക്കാനും, സുരക്ഷ കുറ്റമറ്റതാക്കാനും കഴിഞ്ഞു. നഗരത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ മുൻകാലങ്ങളിലില്ലാത്ത വലിയ ആഘോഷമായിരുന്നു. ഡിസംബർ 31 ഉച്ച മുതൽ ഇന്നലെ രാവിലെ വരെ വൻ പൊലീസ് സംഘം നിരത്തിലുണ്ടായെങ്കിലും തിരക്ക് നിയന്ത്രിക്കാനായില്ല.
വയർലെസ്സിലൂടെ കർശന നിർദ്ദേശം നൽകിയും വീഴ്ചകൾ സമയത്ത് തിരുത്തിയും ഉന്നതഉദ്യോഗസ്ഥരും സദാസമയമുണ്ടായിരുന്നു. പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ് സ്വരാജ് റൗണ്ടിലേക്ക് തള്ളികയറിയ ജനകൂട്ടത്തെ ഒഴിവാക്കാനായി അഞ്ച് മേഖലകളായി തിരിച്ചായിരുന്നു പൊലീസ് വിന്യാസം. ഓരോ ഏരിയയിലേയും ജനക്കൂട്ടത്തെ ഒഴിവാക്കി ഏറെ ശ്രമകരമായായിരുന്നു നിയന്ത്രണം. മൈതാനത്ത് പാർക്ക് ചെയ്ത വാഹനങ്ങൾ അവസാനമാണ് പുറത്ത് വിട്ടത്. പോക്കറ്റ് റോഡുകളിലൂടെ ഗതാഗതം സുഗമമാക്കി. പുലർച്ചെ രണ്ടുമണിക്ക് ജനങ്ങളെ തിരിച്ചയച്ചാണ് പൊലീസ് മടങ്ങിയത്.

സുരക്ഷ ഒരുക്കിയത്:

2000 പൊലീസുകാർ

100 വനിതാ പൊലീസുകാർ.

നേതൃത്വം:

സിറ്റി പൊലീസ് കമ്മിഷണർ യതീഷ്ചന്ദ്ര,

എ.സി.പിമാരായ വി.കെ. രാജു, എസ്. ഷംസുദ്ദീൻ, ടി. ബിജു ഭാസ്‌കർ, ടി.എസ്. സിനോജ്

ആഘോഷങ്ങളിൽ പുകഞ്ഞ് ലഹരി
ആഘോഷവേളകളിൽ കഞ്ചാവും മയക്കുമരുന്നും വ്യാപകമാകുന്നു. നഗരങ്ങളിലെ ഹോട്ടൽ റൂമുകൾ കേന്ദ്രീകരിച്ച് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചെറുപ്പക്കാർ വ്യാപകമായി ലഹരിവസ്തുക്കൾ വ്യാപകമായി ഉപയോഗിച്ചതായാണ് വിവരം. കുറഞ്ഞ അളവിലാണെങ്കിലും പലയിടങ്ങളിൽ നിന്നും മയക്കുമരുന്നുകളും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

വീഡിയോ കോൺഫറൻസ്

നിർദ്ദേശവുമായി കമ്മിഷണർ
പുതുവർഷത്തിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് സിറ്റി പൊലീസ് ആസ്ഥാനത്ത് വീഡിയോ കോൺഫറൻസ് വഴി കമ്മിഷണർ യതീഷ് ജില്ലയിലെ പൊലീസുകാർക്ക് മാർഗ്ഗം നിർദ്ദേശം നൽകി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്നലെ രാവിലെ11.30 യോടെയാണ് വീഡിയോ കോളിലൂടെ പൊലീസ് നേരിടുന്ന പ്രശ്‌നങ്ങളും പുതുവർഷ ചുമതലകളും കമ്മിഷണർ വിശദീകരിച്ചു നൽകിയത്.