മാള: തുണി സഞ്ചിയുമായി കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് ചോക്കലേറ്റ് നൽകി പ്രോത്സാഹനവുമായി വ്യാപാരികൾ. പ്ലാസ്റ്റിക്കിന്റെ പടി കടത്തുന്നതിനും തുണി സഞ്ചികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മാളയ്ക്കടുത്തുള്ള ആലത്തൂർ വില്ലേജ് പരിധിയിൽ വ്യാപാരികൾ ചോക്കലേറ്റ് നൽകുന്നത്. അതും ഒന്നോ രണ്ടോ രൂപയുടെയല്ല അഞ്ച് രൂപയുടെ ചോക്കലേറ്റാണ് നൽകുന്നത്. ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത് വെണ്ണൂർ സർവ്വീസ് സഹകരണ ബാങ്കാണ്. ഇതിനായി ബാങ്കിന്റെ കാഴ്ചപ്പാടും പദ്ധതിയുമാണ് നടപ്പാക്കിയത്.

ആലത്തൂർ വില്ലേജിലെ മുവ്വായിരം കുടുംബങ്ങളിലേക്ക് ബാങ്ക് തുണി സഞ്ചി വിതരണം ചെയ്തു. കൂടാതെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പതിനായിരം രൂപ ചെലവഴിച്ച് ചോക്കലേറ്റ് ബാങ്ക് വാങ്ങി നൽകിയിരിക്കുകയാണ്. കുടുംബങ്ങളിലേക്ക് നൽകിയ സഞ്ചികൾ ചീത്തയാകുമെന്ന് കരുതി സൂക്ഷിച്ചു വയ്ക്കേണ്ട ആവശ്യവും വരുന്നില്ല. ഉപയോഗത്താൽ മോശമായ സഞ്ചികൾ ബാങ്ക് തിരിച്ചെടുത്ത് പകരം നൽകാനും പദ്ധതിയുണ്ട്. പ്ലാസ്റ്റിക് നിരോധനത്തെ വ്യാപാരികൾ എതിർക്കുന്നതിനിടയിലാണ് അതെല്ലാം മറികടക്കാൻ നൂതന ആശയം മുന്നോട്ടുവച്ചത്.

ജീവനം ഇക്കോ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് ബാങ്ക് ഈ ആശയം നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. തുണി സഞ്ചി വീടുകളിൽ എത്തിക്കുന്നതിനായി മൂന്ന് ലക്ഷത്തിലധികം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായാണ് നൂതന പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്നും വ്യാപാരികളെ ഒപ്പം നിറുത്തി തുണി സഞ്ചിയും കടലാസ് ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കുകയാണെന്നും ബാങ്ക് പ്രസിഡന്റ് അഡ്വ. പോളി ആന്റണി, സെക്രട്ടറി ഇ.ഡി. സാബു എന്നിവർ പറഞ്ഞു.