തൃശൂർ: മുതിർന്നവരുടെ ആവശ്യങ്ങൾ അവസാനിച്ചുകഴിഞ്ഞുവെന്നും കുട്ടികളാണ് കാലാവസ്ഥയ്ക്ക് വേണ്ടി ഇനി പോരാടേണ്ടതെന്നും റിദിമ പാണ്ഡെ. കാലാവസ്ഥ വലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗ്രെറ്റ് തൻബർഗിനോടൊപ്പം യു.എൻ ക്ലൈമറ്റ് ഉച്ചകോടിയിൽ പ്രതിഷേധമുയർത്തിയ 12 വയസ്സുകാരി റിദ്ദിമ പാണ്ഡെ.
ശുദ്ധവായുവും ശുദ്ധജലവും ഇല്ലാതെയാണോ വരുംകാലത്ത് ഈ ഭൂമിയിൽ നമ്മൾ ജീവിക്കേണ്ടത് എന്നും റിദിമ ചോദിച്ചു. ഇതിനുവേണ്ടി നാം ശബ്ദമുയർത്തിയേ പറ്റൂ. ഇനിയും തിരിച്ചുപിടിക്കാൻ കഴിയാത്ത വിധം ഈ ഭൂമി കുറേയെല്ലാം നശിച്ചുകഴിഞ്ഞെങ്കിലും ബാക്കിയെങ്കിലും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം. പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള നമ്മുടെ ആവശ്യങ്ങൾ പരമാവധി കുറയ്ക്കുക. പുതിയ ബൈക്ക് വേണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുന്നതിന് പകരം പൊതുഗതാഗത സംവിധാനമോ സൈക്കിളോ ഉപയോഗിക്കാനും കൂട്ടുകാരോട് റിദിമ ആഹ്വാനം ചെയ്തു.
ആവാസവ്യവസ്ഥയ്ക്കും പ്രകൃതിക്കും വേണ്ടി കാലാവസ്ഥാവലയം തീർത്ത് പുത്തൻതലമുറ പ്രതീക്ഷയാകുന്നു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ലോകമെങ്ങും നടക്കുന്ന വിദ്യാർത്ഥി–യുവജന മുന്നേറ്റങ്ങളോടൊപ്പം അണി ചേർന്നുകൊണ്ടാണ് തൃശൂർ ജില്ലയിലെ അയ്യായിരത്തിലധികം വിദ്യാർത്ഥികൾ സ്വരാജ് റൗണ്ടിന് ചുറ്റും കാലാവസ്ഥാ വലയം തീർത്തത്. ഇതിന് പുറമെ തെക്കെ ഗോപുരനടയിൽ ലക്ഷദ്വീപിൽ നിന്നും വലയം തീർക്കാനെത്തിയ വിദ്യാർത്ഥികൾക്കൊപ്പം മൂന്നൂറോളം കുട്ടികൾ അണിനിരന്നു.
പൊതുയോഗത്തിൽ യു.എൻ. എൻവയോൺമെന്റൽ പ്രോഗ്രാം റിസ്‌ക് അനാലിസിസ് വിഭാഗം മുൻ കൺസൾട്ടന്റ് സാഗർധാര, ഒഡിഷ നിയാമഗിരി മൂവ്‌മെന്റ് നേതാവ് പ്രഫുല്ല സാമന്തറാ, കുസുമം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഊരാളി ബാന്റിന്റെ കലാവലയത്തോടെയാണ് പരിപാടി സമാപിച്ചത്.