ചേലക്കര: ഭൂമിയുടെ ന്യായവില നിശ്ചയിച്ചതിലെ അപാകതയിൽ ദുരിതത്തിലായത് ഒരു പറ്റം നാട്ടുകാർ. തലപ്പിള്ളി താലൂക്കിലെ തോന്നൂർക്കര വില്ലേജിൽ ഉൾപ്പെട്ട പ്രദേശ നിവാസികളിൽ ഭൂരിഭാഗത്തിനും ഇത് വയ്യാവേലിയായി. ഇക്കാരണത്താൽ ദുരിതം അനുഭവിക്കേണ്ടിവന്നത് ലക്ഷ്മിയമ്മയെ പോലെ പലർക്കും.

മകൾക്ക് വിവാഹ ആലോചന വന്നപ്പോൾ കൈയ്യിൽ കാര്യമായ നീക്കിയിരിച്ച് ഇല്ലാത്ത ലക്ഷ്മിയമ്മ തനിക്ക് വീതം കിട്ടിയ വയൽ വിറ്റ് കല്യാണം നടത്താമെന്നാണ് കരുതിയത്. കുംടുംബ സുഹൃത്തായ പഞ്ചായത്ത് മെമ്പറോട് കാര്യം പറഞ്ഞപ്പോൾ വയൽ വാങ്ങുവാൻ താത്പര്യമുള്ള ആളെ പരിചയപ്പെടുത്തുകയും ചെയ്തു. പാടത്തേക്ക് വേണ്ടത്ര വഴി സൗകര്യം ഇല്ല. പാടവരമ്പ് മാത്രമാണ് ആശ്രയം. വിവാഹ കാര്യമായതിനാൽ മെമ്പറുടെ സാന്നിധ്യത്തിൽ ഇരുകൂട്ടരും സംസാരിച്ച് സെന്റിന് മുപ്പതിനായിരം രൂപ വില നിശ്ചയിച്ച് ടോക്കൺ കൈമാറി. അതിനുശേഷമാണ് വരന്റെ വീട്ടുകാർക്ക് ലക്ഷ്മിയമ്മ കല്യാണത്തിന് ഉറപ്പ് നൽകിയത്.
കല്യാണ തിയ്യതിക്ക് ഒരു മാസം മുമ്പ് പണം മുഴുവൻ കൊടുത്ത് സ്ഥലം രജിസ്റ്റർ ചെയ്യാം ഇതായിരുന്നു കരാർ. സ്ഥലം വാങ്ങിയ ആൾ പറഞ്ഞ തിയ്യതിക്ക് മുമ്പേ തന്നെ പഞ്ചായത്തു മെമ്പറിന്റെ സാന്നിധ്യത്തിൽ തുക മുഴുവനും ലക്ഷമിയമ്മക്ക് നൽകി. കല്യാണത്തിരക്ക് കഴിഞ്ഞതിനു
ശേഷം സ്ഥലം രജിസ്റ്റർ ചെയ്തുതന്നാൽ മതി എന്നും പറഞ്ഞു. സ്ഥലം രജിസ്റ്റർ ചെയ്യാൻ എത്തിയപ്പോഴാണ് ഏവരും ഞെട്ടിയത്. വയലിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന വില സെന്റിന് ഒരു ലക്ഷത്തിനു മുകളിൽ. സ്ഥലം രജിസ്റ്റർ ചെയ്യണമെങ്കിൽ വാങ്ങിയ വിലയേക്കാൾ കൂടുതൽ രജിസ്‌ട്രേഷനു വേണം.
അങ്ങനെ വരുമ്പോൾ ഈ വയൽ നാലിരട്ടി വിലക്ക് വിറ്റാലേ മുതലാവു എന്ന സ്ഥിതി. ഒടുവിൽ സ്ഥലം ലക്ഷമിയമ്മയോട് തിരിച്ചെടുത്തോളാനായി പറഞ്ഞു. ലക്ഷ്മിയമ്മയും ധർമ്മസങ്കടത്തിലായി. ഒടുവിൽ മരുമകന്റെ വീട്ടുകാർ ഇടപെട്ടാണ് പണം ഉണ്ടാക്കി തിരിച്ചു കൊടുത്തത്.

ഭൂമിയുടെ ന്യായവില നിശ്ചയിച്ചതിൽ ഉണ്ടായ പിഴവാണ് ഇവിടുത്തുകാർക്ക് വിനയായത്. ആറിരട്ടിയിലുമധികമാണ് പലയിടത്തും ന്യായവില നിശ്ചചയിച്ചിട്ടുള്ളത്. ചുമതപ്പെടുത്തിയ ഉദ്യോഗസ്ഥൻ പരിശോധന നടത്താതെ തയ്യാറാക്കിയ വില നിർണ്ണയം നൂറ് കണക്കിന് ആളുകൾക്കാണ് പൊല്ലാപ്പായത്. സ്ഥലം കൈമാറ്റത്തിനായി തുനിയുമ്പോൾ മാത്രമാണ് ഇവിടുത്തെ പലർക്കും ചതി മനസ്സിലായത്. പിന്നെ അപേക്ഷയുമായി റവന്യു വകുപ്പിന്റെ വിവിധ ഓഫീസുകളിൽ മാറി മാറി കയറി ഇറങ്ങിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. സ്ഥലം കൈമാറ്റം ചെയ്യാൻ വേണ്ടിയുള്ള നീതിക്കായി അലച്ചിലിന് എന്നു പരിഹാരമാകുമെന്നറിയാതെ നിരാശയിലാണ് പ്രദേശവാസികളിൽ പലരും.

ഭൂമിയുടെ ന്യായവില നിശ്ചയിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ കർത്തവ്യം പൂർത്തിയാക്കുന്നതിനു മുമ്പേ സ്ഥലം മാറിപ്പോയി. പകരം വന്ന ഉദ്യോഗസ്ഥന് അസുഖം മൂലം യഥാസമയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കഴിഞ്ഞില്ല. സമയബന്ധിതമായി റിപ്പോർട്ട് നൽകണമെന്ന നിർദേശം വന്നപ്പോൾ വ്യക്തമായി അന്വേഷണം നടത്താതെ ഒരു ന്യായ വില റിപ്പോർട്ട് കൊടുത്ത് തടി തപ്പി. ഇതാണ് ജനങ്ങൾക്ക് വിനയായത്.

- മോഹൻദാസ് (പഞ്ചായത്തു മെമ്പർ)