തൃശൂർ: ഇന്നലെ മുതൽ നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനം കച്ചവടക്കാരെയും ഉപഭോക്താക്കളെയും വെട്ടിലാക്കി. ബദൽ സംവിധാനങ്ങൾ ഇല്ലാതെ പോയതാണ് കാര്യങ്ങൾ കുഴക്കിയത്. ക്യാരിബാഗുകൾക്ക് ഒഴികെ 15 ദിവസങ്ങൾ കൂടി സർക്കാർ ഇളവ് നൽകിയത് ആശ്വാസമായിട്ടുണ്ട്. അതിന് ശേഷം ഹരിത പെരുമാറ്റ ചട്ടം കർശനമായി നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് കോർപറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർമാർ കടകളിൽ കർശന പരിശോധന നടത്തി. ക്യാരിബാഗുകൾ പിടിച്ചെടുക്കുകയുംചെയ്തു. ആദ്യദിനത്തിൽ ബോധവത്കരണത്തിനാണ് പരിശോധകർ മുൻഗണന നൽകിയത്. പ്ലാസ്റ്റിക് നിരോധവുമായി ബന്ധപ്പെട്ട് കോർപറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും സൂപ്രണ്ടിന്റെയും യോഗം സെക്രട്ടറി നാളെ വിളിച്ചുചേർക്കും. നിരോധനവുമായി ബന്ധപ്പെട്ട പരിശോധനകളും നടപടിക്രമങ്ങളും യോഗത്തിൽ ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു കൊടുക്കും. ശേഷം പരിശോധന കർശനമാക്കുമെന്നും നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ജനുവരി ആറുവരെ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് കോടതി നൽകിയ സാവകാശം പോലും ചിലയിടങ്ങളിൽ നിഷേധിക്കുന്നുണ്ട്. വ്യാപാരികൾക്കെതിരെ നടപടി സ്വീകരിച്ചാൽ കടകളടച്ച് പണിമുടക്ക് നടത്തും. എന്നാൽ ഇന്ന് മുതൽ പണിമുടക്ക് നടത്തുമെന്ന വാർത്ത വാസ്തവ വിരുദ്ധമാണ്.
- വ്യാപാരികൾ
നിരോധിച്ചവ
ക്യാരി ബാഗ്, മേശവിരി, തെർമോക്കോൾ ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കൾ, പ്ലാസ്റ്റിക് ജ്യൂസ്പാക്കറ്റുകൾ, കൊടിതോരണങ്ങൾ, പി.വി.സി ഫ്‌ളെക്‌സ്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കപ്പുകൾ,പ്ലേറ്റുകൾ, സ്പൂണുകൾ,ഫോർക്കുകൾ, സ്‌ട്രോകൾ, 500 മില്ലി ലീറ്ററിന് താഴെയുള്ളകുപ്പിവെള്ളം, പ്ലാസ്റ്റിക്‌കോട്ടിംഗ് ഉള്ളപേപ്പർപ്ലേറ്റ്, ഗ്ലാസ്, സഞ്ചി എന്നിവയാണ് നിരോധിച്ചിരിക്കുന്നത്.