തൃശൂർ: നഗരത്തിൽ പട്ടാപ്പകൽ ഒരു സംഘമാളുകളെത്തി ബാങ്ക് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് നാലു ലക്ഷം രൂപ തട്ടി. എസ്.ബി.ഐ ബാങ്കിലാണ് സംഘം ചേർന്ന് തട്ടിപ്പുകാരെത്തി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പണം കവർന്നത്. തിങ്കളാഴ്ച പകലാണ് സംഭവം. രാവിലെ ഒമ്പത് മുതൽ പലതായി വന്നയാളുകൾ കാഷ് കൗണ്ടറിനു ചുറ്റും, കാബിനുകൾക്ക് പുറത്തുമായി സംശയത്തിനിട നൽകാതെ തമ്പടിച്ചു. 12 മണിയോടെ ഇതിലൊരാൾ പണമടങ്ങിയ കെട്ടുമായി മുങ്ങി. കൗണ്ടറുകളുടെ ചുമതലയുള്ള സ്റ്റാഫുകൾക്ക് ആവശ്യത്തിനായാണ് പണം ലോക്കറിൽ നിന്ന് എടുത്തു വച്ചിരുന്നത്. നാലു ലക്ഷം രൂപയാണ് നഷ്ടമായത്. ജീവനക്കാരാരുടെയും ശ്രദ്ധയിൽ സംഭവം പെട്ടില്ല. കാഷ് തുക ശരിയാകാത്തതിനാൽ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ദുരൂഹത അഴിയുന്നത്. പരിസരത്തുണ്ടായ പാന്റ്‌സും, മുണ്ടും ധരിച്ചവരുടെ ചെയ്തികൾ വീക്ഷിച്ചു.
ചെറുപ്പക്കാർ മുതൽ പ്രായമേറിയവർ വരെയുള്ള 12 അംഗ സംഘം സംശയങ്ങൾ ചോദിച്ചും, തിരക്കുണ്ടാക്കിയും ജീവനക്കാരുടെ ശ്രദ്ധ തിരിക്കുന്നത് കാമറയിൽ പതിഞ്ഞിട്ടുണ്ട്. തമിഴ് നാട് സ്വദേശികളായ സംഘമാണ് ഇതെന്ന് ദൃശ്യത്തിലൂടെ വ്യക്തമായി.
സംഭവം നടന്ന് പിറ്റേ ദിവസമാണ് പൊലീസിൽ പരാതിയായി എത്തിയെന്നതിനാൽ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ മുഴുവൻ പഠിച്ചാണ് ഡസൺ സംഘത്തിന്റെ ചെയ്തികൾ ബോദ്ധ്യപ്പെട്ടത്. റൗണ്ട് സൗത്തിലെ എസ്.ബി.ഐ മാനേജരുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.