dance
ചാലക്കുടി സൗത്ത് ജംഗ്ഷനിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച കലാവിരുന്നിൽ നൃത്തം ചെയ്യുന്ന നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാറും സംഘവും

ചാലക്കുടി: പുതുവർഷത്തിൽ നഗരത്തിൽ ഇതാദ്യമായി മെഗാ ഷോകൾ അരങ്ങേറി. പുത്തുപറമ്പ് മൈതാനി, ആനമല ജംഗ്ഷൻ എന്നിവടങ്ങിലായിരുന്നു കലാവിരുന്നുകൾ ഒരുക്കിയത്. ആയിരക്കണക്കിന് ആളുകളാണ് ഇവ ആസ്വദിക്കാനെത്തിയത്. പുത്തുപറമ്പിൽ ചാലക്കുടി ജെ.സി.ഐയും ആനമല ജംഗ്ഷനിൽ പുതുതായി രൂപം കൊണ്ട യുവാക്കളുടെ കൂട്ടായ്മയായ ടീം സിയുമായിരുന്നു സംഘാടകർ. എഴുപതടിയുള്ള പപ്പാഞ്ഞിയെ അഗ്‌നിക്കിരയാക്കി ടീം സി ഫെസ്റ്റിവൽ പുതുവർഷപ്പുലരിയിൽ ദൃശ്യ വിസ്മയമൊരുക്കി. അർദ്ധരാത്രി വരെ നീണ്ട് സ്റ്റേജ് പ്രോഗ്രാം ആസ്വദിക്കുന്നതിന് വലിയ തോതിൽ സ്ത്രീകളും എത്തിയിരുന്നു. പുതുവർഷാഘോഷത്തിന് ആദ്യമായി ചാലക്കുടിയിൽ അരങ്ങൊരുങ്ങിയപ്പോൾ ഏറ്റവും കൂടുതൽ അനുഗ്രഹം ലഭിച്ചത് യുവാക്കൾക്കായിരുന്നു. സ്ഥിരമായുള്ള അവരുടെ ഫോർട്ട് കൊച്ചി യാത്ര ഇക്കുറി ഒഴിവായി. രണ്ടിടത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ലെന്നതും ശ്രദ്ധേയമായി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാറും സംഘവും ചേർന്ന് സൗത്ത് ജംഗ്ഷനിൽ നടത്തിയ മഹിളാ അസോസിയേഷന്റെ കലാവിരുന്നും കൗതുകമായി.

പുതുവർഷ പുലരിയെ വരവേറ്റ് നാടൻ പാട്ടുകളും നൃത്തച്ചുവടുകളുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ. സൗത്ത് ജംഗ്ഷനിലെ ഫ്‌ളൈ ഓവറിനടുത്താണ് ട്വന്റി 20യിലേയ്ക്കുള്ള മുഹൂർത്തം വരെ മണിക്കൂറുകൾ ആഘോഷ വേളകളാക്കിയത്. കലാഭവൻ മണിയുടെ ഗാനം ആലപിച്ച് നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അരങ്ങ് തകർത്തു. കോടശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരൻ, ജില്ലാ പഞ്ചായത്തംഗം സിനി ജോൺ, കൗൺസിലർമാരായ മോളി പോൾസൺ, ഉഷാ സ്റ്റാൻലി, ലൈജി തോമസ്, അസോസിയേഷൻ ഭാരവാഹികളും തൃത്തച്ചുവടുകളുമായി രംഗത്തെത്തി. പുതുവർഷപ്പുലരിയിൽ കേക്ക് മുറിച്ച് മധുരം നുകർന്നുകൊണ്ട് ആഘോഷങ്ങൾ അവസാനിപ്പിച്ചു.

പൊതു ഇടം എന്റേതുമാണെന്ന സന്ദേശവുമായാണ് മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി ആഘോഷങ്ങൾ ഒരുക്കിയത്. നേരത്തെ നടന്ന ക്ലാര ലാസർ അനുസ്മരണ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സിനി ജോൺ അദ്ധ്യക്ഷതവഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി ടി.എ. ജോണി, പി.എസ്. സന്തോഷ്, ഇന്ദിര മോഹൻ, സരിത രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.