ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ 11 ദിവസം നീണ്ടു നിൽക്കുന്ന മഹാരുദ്രയജ്ഞത്തിന് തുടക്കമായി. ക്ഷേത്രമുറ്റത്തെ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ അഗ്നിപകർന്നതോടെയാണ് യജ്ഞത്തിന് തുടക്കമായത്. മൂന്നാം അതിരുദ്രമഹായജ്ഞത്തിന്റെ ഭാഗമായാണ് പത്താമത് മഹാരുദ്രയജ്ഞം നടത്തുന്നത്. രാവിലെ 4.45നാണ് ചടങ്ങുകൾക്ക് തുടക്കമായത്. പ്രത്യേകം തയ്യാറാക്കിയ യജ്ഞ മണ്ഡപത്തിൽ 11 വെള്ളി കുംഭങ്ങളിൽ 11 ദ്രവ്യങ്ങൾ നിറച്ച് 11 വേദജ്ഞർ ശ്രീരുദ്രമന്ത്രം ജപിച്ച കലശം ക്ഷേത്രം തന്ത്രി മഹാദേവന് അഭിഷേകം ചെയ്തു. ചടങ്ങുകൾ പതിനൊന്ന് ദിവസം ആവർത്തിക്കും. പതിനൊന്നാമത്തെ ദിവസം വസോർധാരയോടെയാണ് മഹാരുദ്രയജ്ഞം സമാപിക്കുക. ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ. ദിവസവും മഹാവിഷ്ണുവിന് പ്രത്യേക പൂജകൾ, നവകാഭിഷേകം, ഭഗവതി, ഗണപതി, അയ്യപ്പൻ, മുരുകൻ എന്നീ ഉപദേവന്മാർക്ക് നവകാഭിഷേകം, നിറമാല, ചുറ്റുവിളക്ക്, നാഗക്കാവിൽ നാഗപ്പാട്ട്, സർപ്പബലി എന്നിവയുമുണ്ടാവും. മഹാരുദ്രത്തോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക കലാപരിപാടികൾക്കും ക്ഷേത്രം നടരാജ മണ്ഡപത്തിൽ തുടക്കമായി.