ചാലക്കുടി: ഇടവേളകൾ കഠിനാദ്ധ്വാനത്തിനായി മാറ്റിവച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന വിദ്യാർത്ഥികൾ മാതൃകയാകുന്നു. ചാലക്കുടിയിലെ ആനമല റോഡിൽ മുന്തിരി വിൽപ്പന നടത്തുന്ന മുഹമ്മദ് സനാഹും ഫസൽ റഹ്മാനും പെരിന്തൽമണ്ണ സ്വദേശികളാണ്. ബംഗ്ലുരുവിൽ നിന്നും ഇക്കുറി ഇവർ വിൽപ്പനയ്ക്കായി കൊണ്ടു വന്നത് മുന്തിരിയാണ്. ഇവ നല്ലപോലെ വിറ്റഴിയുന്നു. രണ്ടര കിലോയ്ക്ക് 100 ഉം പത്തു കിലോയുടെ ഒരു പെട്ടിക്ക് 350 രൂപയുമാണ് വില.
ഇവിടുത്ത കച്ചവടത്തിനു ശേഷം ഇവർ നീങ്ങുന്നത് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക്. വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ചാണ് മുഹമ്മദ്ഫസൽ കൂട്ടുകെട്ടിന്റെ ഫലവർഗ കച്ചവടം. എല്ലായിടത്തും സഹായത്തിനായി രണ്ടുപേരെയും കൂട്ടും. നല്ലയിനങ്ങൾ ഒത്തു കിട്ടുമ്പോൾ ഓറഞ്ചും ആപ്പിളും ഇവർ കേരളത്തിലെത്തിയ്ക്കും. രണ്ടു വർഷമായി തുടരുന്ന യുവാക്കളുടെ കച്ചവടം നല്ല ലാഭത്തിലുമാണ്.
ഇതുകൊണ്ടു ഇവർ നേടുന്നത് വിദ്യാഭ്യാസവും കൂടി. മുഹമ്മദ് സനാഹ് ബി.ടെക് വിദ്യാർത്ഥിയാണ്. ഫസൽ ഇന്റീരിയൽ ഡിസൈനറും. ക്ലാസുകളുള്ളപ്പോൾ ഇവർക്ക് കച്ചവടമില്ല. അവധിക്കാലം എത്തുമ്പോൾ വീണ്ടും ഇവർ പഴങ്ങൾക്കായി ബംഗ്ലുരുവിലേയ്ക്ക് വണ്ടികയറും. നല്ലയിനങ്ങൾ മാത്രം കുന്നുകൂട്ടിയുള്ള വിൽപ്പന എവിടേയും ആളുകളെ ആകർഷിക്കുന്നുണ്ട്. ഇങ്ങനെയും കച്ചവടം നടത്തി പണം സമ്പാദിക്കാമെന്ന മാതൃക കാട്ടിത്തരുകയാണ് ഈ വിദ്യാർത്ഥികൾ.