തൃപ്രയാർ: ആല ചേറ്റുവ മണപ്പുറം ബീച്ച് ഫെസ്റ്റിവൽ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്തു. ഇ.കെ തോമസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. നേത്ര-ശരീര - അവയവദാന സമ്മതപത്രം തൃശൂർ മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിനായി വിജി, മായ കോളേജ് പ്രിൻസിപ്പാൾ ആവാസ് മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി.

ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന കുടുംബശ്രീ മേളയിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവൻ, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, സംഘാടക സമിതി ജനറൽ കൺവീനർ പി.എസ് ഷജിത്ത്, മണപ്പുറം ചീഫ് പി.ആർ.ഒ സനോജ് ഹെർബർട്ട്, എൻ.എം നകുലൻ, എ.ജി സുഭാഷ്, വി.ആർ ബാബു, പി.എസ് നിമോദ് എന്നിവർ സംസാരിച്ചു.

തുടർന്ന് ട്വന്റി-ട്വന്റി ഡിജെ നൈറ്റ് മെഗാ ഷോ, മ്യൂസിക്കൽ ഫ്യൂഷൻ ആൻഡ് ഗാനമേള അരങ്ങേറി. രാത്രി 12 ന് 35 അടി ഉയരമുള്ള പാപ്പാനിക്ക് സംഘാടക സമിതി ജനറൽ കൺവീനർ പി.എസ് ഷജിത്ത്‌ തീകൊളുത്തി. ഒമ്പത് ദിവസം കഴിമ്പ്രം തീരദേശത്ത് നടന്നുവന്ന ബീച്ച് ഫെസ്റ്റിവലിന്റെ കൊടിയിറക്കം സംഘാടക സമിതി ചെയർമാൻ ഇ.കെ തോമസ് മാസ്റ്റർ നിർവഹിച്ചു.