തൃശൂർ: നഗരത്തിൽ രാവിലെയും വൈകീട്ടും വ്യായാമത്തിന് കൂടുതൽ പേരെത്തുന്ന കളക്ടറേറ്റിന് മുന്നിലെ അമർ ജവാൻ പാർക്കിൽ ഓപൺ ജീം ഒരുങ്ങുന്നു. ടി.എൻ പ്രതാപൻ എം.പിയുടെ വികസനഫണ്ടിൽ നിന്ന് ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചു. കുട്ടികളുടെ കളിസ്ഥലം ഒഴിവാക്കിയുള്ള ഭാഗമാണ് ഓപ്പൺ ജിമ്മിനായി കണ്ടെത്തിയത്. എം.പിയും ഡിവിഷൻ കൗൺസിലർ എ. പ്രസാദും സ്ഥലം സന്ദർശിച്ച ശേഷമാണ് ഓപൺ ജിമ്മിനുള്ള നിർദ്ദേശം അംഗീകരിച്ചത്.

പാർക്കിലെത്തിയ എം.പി, വാക്കേഴ്‌സ് ക്ലബ്ബ് അംഗങ്ങളുമായും യോഗാ ക്ലബ്ബ് അംഗങ്ങളുമായും നാട്ടുകാരുമായും ആശയവിനിമയം നടത്തി. മുമ്പ് ഇവിടെ യോഗാ ക്ലാസ് നടത്താനുള്ള ഷെഡ്ഡ് മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ വികസനഫണ്ടിൽ നിന്ന് നൽകിയിരുന്നു. പാർക്കിലെ സൗകര്യം വിലയിരുത്തിയ ശേഷം ഓപൺ വായനശാലയ്ക്കും പാർക്കിലെ വാട്ടർ ഫൗണ്ടനും ആവശ്യമായ തുക അനുവദിക്കാമെന്നും എം.പി അറിയിച്ചതായി എ. പ്രസാദ് പറഞ്ഞു. ചെസ്റ്റ് പ്രസ് ഡബിൾ, ട്വിസ്റ്റ് സ്റ്റെപ്പിംഗ് മെഷീൻ, ഹോഴ്‌സ് പ്രസ് ഡബിൾ, ഷോൾഡർ പ്രസ് ഡബിൾ, സ്‌ക്വാട്ട് പുഷിംഗ്, സൈക്കിൾ, പുഷ് അപ് ബാർ, എയർ വാക്കർ, ബെഞ്ച് പ്രസ് തുടങ്ങിയവ സൗജന്യമായി പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ജിമ്മിൽ സൗകര്യമൊരുക്കും...