തൃശൂർ: മുക്കിലും മൂലയിലും വിദേശമദ്യഷാപ്പുകൾ ആയതോടെ ജില്ലയിലെ കള്ളുഷാപ്പുകൾ പ്രതിസന്ധിയിൽ. പിടിച്ചുനിൽക്കാനാകാതെ 113 കള്ളുഷാപ്പുകൾ അടച്ചുപൂട്ടി. കൂടുതൽ കള്ളുഷാപ്പുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇതോടെ തൊഴിലാളികളും കള്ള് ചെത്ത് ഉപജീവനമാക്കിയവരും പ്രതിസന്ധിയെ മുഖാമുഖം കാണുകയാണ്.

ഭൂരിഭാഗം ഷാപ്പുകളും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. വർദ്ധിക്കുന്ന വാടക പലർക്കും താങ്ങാനാകുന്നില്ല. കുറഞ്ഞ വാടകയുള്ള കെട്ടിടത്തിലേക്ക് മാറാനും ബുദ്ധിമുട്ടുണ്ട്. ദൂരപരിധി നിയമം, പ്രദേശ നിവാസികളുടെ എതിർപ്പ് എന്നിവ മൂലം ആരും അതിന് മെനക്കെടുന്നില്ല. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് കള്ള് ഷാപ്പുകളിലേക്കുള്ള ദൂരപരിധി 400 മീറ്ററുണ്ടാകണമെന്നാണ് സർക്കാർ വ്യവസ്ഥ.

എന്നാൽ ബാറുകളുടെ കാര്യത്തിൽ ഈ നിയമം 50 മീറ്ററാണ്. വീര്യം കുറഞ്ഞ മദ്യമായ കള്ളിന്റെ ആവശ്യക്കാർ കുറഞ്ഞതാണ് പ്രതിസന്ധിക്കുള്ള മറ്റൊരു കാരണം. ഒരു ഷാപ്പ് കേന്ദ്രീകരിച്ച് നേരിട്ടും പരോക്ഷമായും കുറഞ്ഞത് 30 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

കള്ള് കിട്ടാനില്ല, തെങ്ങുമില്ല

ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലെ 12 വില്ലേജുകളിലായിരുന്നു മുമ്പ് ചെത്തുണ്ടായിരുന്നത്. ഇന്ന് അവിടെ ചെത്തിയാലും കള്ള് കിട്ടുന്നില്ല. കിഴക്കൻ മേഖലയിലാണ് ഇപ്പോൾ ചെത്ത് നടക്കുന്നത്. വരുമാനം കുറഞ്ഞതിനാൽ ചെത്ത് തൊഴിലാളികളുടെ എണ്ണം കുറ‌ഞ്ഞു. കള്ള് ഉത്പാദിപ്പിക്കാവുന്ന തരത്തിൽ മികച്ച തെങ്ങുകൾ വച്ചുപിടിപ്പിക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.


ചെലവ് കൂടുന്നു

തൊഴിലാളികളുടെ കൂലിയും അവർക്കുള്ള ബോണസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകി ഷാപ്പ് നടത്താനാകില്ല. പാലക്കാടൻ പെർമിറ്റിൽ വരുന്ന വില കുറഞ്ഞ കള്ളും ഇവിടത്തെ കള്ളും ചേർത്തു വിറ്റാണ് ഒരുവിധം പിടിച്ചു നിൽക്കുന്നത്- ഷാപ്പ് നടത്തിപ്പുകാരൻ


മാറ്റമുണ്ടാകണം

കാലാനുസൃതമായ മാറ്റം വരുത്തുവാനോ, പരമ്പരാഗത വ്യവസായമെന്ന നിലയിൽ കള്ളുവ്യവസായത്തെ സംരക്ഷിക്കാനോ സർക്കാർ തയ്യാറാകുന്നില്ല. ടോഡി ബോർഡ് വഴി ബീവറേജ് മാതൃകയിൽ കള്ള് വ്യവസായം നടത്തണം. കള്ള് ഷാപ്പുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ദൂരപരിധിയിൽ ഇളവ് വരുത്തണം. കെ.എം. ജയദേവൻ (തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി പ്രസിഡന്റ്)

അടച്ചുപൂട്ടിയ ഷാപ്പുകൾ 110

ജില്ലയിൽ


ബാറുകൾ 75
വൈൻ-ബിയർ പാർലറുകൾ 50
ബിവറേജ് ഷോപ്പുകൾ 27

ആൽക്കഹോൾ

കള്ളിൽ ഉള്ള അംശം 8.1 ശതമാനം

വിദേശ മദ്യത്തിൽ 42.86 ശതമാനം