തൃശൂർ: മുൻധാരണ അനുസരിച്ച് അവസാന വർഷം മേയർ സ്ഥാനം ഏറ്റെടുക്കാൻ കാത്തു നിന്ന സി.പി.എമ്മിനേറ്റ കനത്ത തിരിച്ചടി പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെടും. സി.പി.ഐ പ്രതിനിധിയായ മേയർ അജിത വിജയൻ കഴിഞ്ഞ 12നാണ് മുൻധാരണപ്രകാരം രാജിവയ്‌ക്കേണ്ടത്. മേയർ സ്ഥാനം ഒഴിയുമ്പോൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകണമെന്ന വ്യവസ്ഥ പാലിക്കാൻ കഴിയാതായതോടെയാണ് തത്കാലം രാജിവയ്ക്കണ്ടായെന്ന് സി.പി.ഐ ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചത്.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ ജനതാദളിലെ ഷീബ ബാബുവിനെ രാജി വയ്പ്പിച്ച് ആ സ്ഥാനം മേയർക്ക് നൽകാമെന്നായിരുന്നു സി.പി.എമ്മിന്റെ ധാരണ. ഷീബ ബാബു രാജിവയ്ക്കാൻ തയ്യാറല്ല. സ്വന്തം പാർട്ടിക്കാരനായ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. ശ്രീനിവാസനെ രാജിവയ്പിക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ ശ്രമവും പരാജയപ്പെട്ടു. കോർപറേഷൻ യോഗത്തിൽ വരാതെയും സി.പി.എം നേതാവായ വർഗീസ് കണ്ടംകുളത്തിയുടെ പല നിലപാടുകളെ വിമർശിക്കുകയും ചെയ്യുന്ന ശ്രീനിവാസനെ ഒതുക്കാൻ നേരത്തെ പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും നേതൃത്വം പരാജയപ്പെടുകയായിരുന്നു.
ശ്രീനിവാസനെ ഒതുക്കി വർഗീസ് കണ്ടംകുളത്തിക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിവു വരുമ്പോൾ നൽകാനുള്ള നീക്കം കൗൺസിലർമാർക്കിടയിലും പാർട്ടിക്കുള്ളിലും എതിർപ്പുണ്ട്. അതിനാൽ നിർബന്ധപൂർവമുള്ള രാജി ആവശ്യം ശ്രീനിവാസനോട് നേതൃത്വം നടത്താൻ സാദ്ധ്യതയില്ല. ജില്ലാ കമ്മിറ്റികളിൽ ചർച്ച ചെയ്ത് പരിഹരിക്കാൻ സാധിക്കാത്തതിനാലാണ് വിഷയം പാർട്ടികളുടെ സംസ്ഥാന കമ്മിറ്റിയുടെ ചർച്ചയ്ക്ക് വിട്ടിരിക്കുന്നതെന്നാണ് വിവരം.