തൃശൂർ: നഗരത്തിലെ എസ്.ബി.ഐയിൽ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് നാല് ലക്ഷം രൂപ കവർന്നതിന് പിന്നിൽ തമിഴ്‌നാട് റാഞ്ചി നഗറിലെ സംഘമാണെന്ന് പൊലീസ്. ആളുകളുടെ ശ്രദ്ധ തിരിച്ച ശേഷം മോഷണം നടത്തുതാണ് റാഞ്ചി നഗർ സംഘത്തിന്റെ രീതി. 2014ഉം 2016ലും സമാനമായ തട്ടിപ്പു കേസുകളിൽ 20 പേരെ തൃശൂർ പൊലീസ് പിടികൂടിയിരുന്നു.
അതേസമയം ഇവരുടെ ഗ്രാമത്തിലെത്തി മോഷ്ടാക്കളെ പിടികൂടുക എളുപ്പമല്ല. ഗ്രാമത്തിനുള്ളിലേക്ക് പോകാൻ പ്രാദേശിക പൊലീസിന്റെ സഹായം ലഭിക്കില്ലെന്നതാണ് പ്രധാന കാരണം. റൗണ്ട് സൗത്തിൽ സബ്‌വേയ്ക്കടുത്തുള്ള ശാഖയിൽ തിങ്കളാഴ്ചയാണ് മോഷണം നടന്നത്. പൊലീസ് നടത്തിയ സി.സി.ടി.വി പരിശോധനയിലാണ് കബളിപ്പിച്ചുള്ള കവർച്ചയാണെന്ന് മനസിലായത്. തിങ്കളാഴ്ച വൈകീട്ട് കണക്ക് ശരിയാകാതെ വന്നപ്പോഴാണ് പണം ഇല്ലെന്ന വിവരം അറിയുന്നത്.
പിറ്റേന്ന് ഒന്നുകൂടി കണക്ക് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട കാര്യം ഉറപ്പിച്ചതും പൊലീസിൽ പരാതി നൽകിയതും.
തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ 12.15 വരെ കവർച്ചക്കാർ ബാങ്കിലുണ്ടായിരുന്നതായി സി.സി.ടി.വിയിൽ കണ്ടെത്തി. ഇവരിൽ ചെറുപ്പക്കാർ മുതൽ പ്രായം ചെന്നവർ വരെ ഉണ്ടായിരുന്നു. എന്നാൽ ഇവരുടെ മുഖം തിരിച്ചറിയാൻ പാകത്തിലുള്ളതല്ല സി.സി.ടി.വി. ദൃശ്യങ്ങൾ. നഗരത്തിലെ മറ്റിടങ്ങളിലെ ദൃശ്യങ്ങൾ കൂടി പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതിൽ നിന്ന് മോഷ്ടാക്കളെക്കുറിച്ച് കൂടുതൽ സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്...