കൊടുങ്ങല്ലൂർ: വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോയതിന്റെ നൊമ്പരവുമായി വൃദ്ധസദനത്തിൽ ജീവിതം തള്ളി നീക്കുന്ന ഹതഭാഗ്യർക്കൊപ്പം പുതുവത്സരം ആഘോഷിക്കാൻ കുരുന്നുകളെത്തി. പുല്ലൂറ്റ് യു.പി സ്കൂളിലെ വിദ്യാർത്ഥികളാണ് പുല്ലൂറ്റ് വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ വൃദ്ധസദനത്തിലേക്ക് അദ്ധ്യാപകരുമൊത്ത് സമ്മാനങ്ങളുമായെത്തിയത്.

കുട്ടികളെയും അദ്ധ്യാപകരെയും ട്രസ്റ്റ് ഭാരവാഹികളും അന്തേവാസികളും ചേർന്ന് സ്വീകരിച്ചു. അന്തേവാസികൾക്കൊപ്പം സ്നേഹാന്വേഷണങ്ങൾ നടത്തിയും, കേക്ക് മുറിച്ചും, പാട്ട് പാടിയും, കഥകൾ പറഞ്ഞും ഏറെ നേരം ചെലവഴിച്ചു. സ്കൂളിന്റെ ഉപഹാരം ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി. നഗരസഭ വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ കെ.പി സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡന്റ്‌ ടി.എ നൗഷാദ്, പ്രധാനാദ്ധ്യാപിക പി.എം ഷൈലജ, സി.എസ് തിലകൻ, കെ.കെ ശ്രീതാജ്, ട്രസ്റ്റ് കെയർ ടേക്കർ അബ്ദുൾ കരീം തുടങ്ങിയവർ സംസാരിച്ചു..