ഗുരുവായൂർ: ബൈ ബൈ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം പദ്ധതിയിൽ ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വി.ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥികളുടെ സമ്മാനമായി സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു. എൽ.കെ.ജി മുതൽ നാലാം ക്ലാസ്സ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകി. പ്ലാസ്റ്റിക് വരുത്തിവയ്ക്കുന്ന നാശം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികളായ പന്ത്രണ്ട് വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് മിനി കരുമത്തിൽ അദ്ധ്യക്ഷയായി. സഹകരണ അർബൻ ബാങ്ക് വൈസ് ചെയർമാൻ ആർ.എ. അബൂബക്കർ ആമുഖ പ്രസംഗം നടത്തി. നഗരസഭാ കൗൺസിലർ എ.പി. ബാബു, സ്കൂൾ മാനേജർ വി.ബി. ഹീരലാൽ, പി.ടി.എ പ്രസിഡന്റ് എം.വി. ബിജു, പ്രിൻസിപ്പൽ ജിതമോൾ പി. പുല്ലേലി, പ്രധാന അദ്ധ്യാപിക ബ്രില്ല്യന്റ് വർഗീസ്, വിബീഷ്, പി.എം. അൻവർ, എം.എ. ഷാജി, ആർ.എസ്. റഫീക്ക്, വി.ബി. ശ്രീനിവാസൻ, ദീപു കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കും തുണി സഞ്ചി വിതരണം ചെയ്തു.