മണലൂർ: ജില്ലാ പഞ്ചായത്തിന്റെ വാഗ്ദാനം നടപ്പിലാക്കിയതോടെ മണലൂർ ഏനാമ്മാവ് കടവ് സ്റ്റീൽ പാലത്തിൽ വൈദ്യുതി വിളക്കുകൾ കൺ തുറന്നു. രണ്ടു് ലക്ഷം രൂപ ചെലവഴിച്ച് പാലത്തിൽ സ്ഥാപിച്ച 12 വിളക്കുകളുടെ സ്വിച്ച് ഓൺ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി അദ്ധ്യക്ഷയായി. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പത്മിനി സ്വാഗതം പറഞ്ഞു. ത്രിതല പഞ്ചായത്ത് അംഗങ്ങളായ ജെന്നി ജോസഫ്, സിജി മോഹൻദാസ്, എം.ആർ. മോഹനൻ, കെ.വി. വേലുക്കുട്ടി, എന്നിവർ സംസാരിച്ചു. വെങ്കിടങ്ങ്, മണലൂർ പഞ്ചായത്തുകളെ ഏനാമ്മാവ് കായലിന് കുറുകെ ബന്ധിപ്പിക്കുന്ന സ്റ്റീൽ പാലത്തിൽ വൈദ്യുതി വിളക്കുകൾ പ്രകാശിച്ചതോടെ സന്ധ്യക്ക് ശേഷം ഈ പാലത്തിലൂടെ എത്തുന്ന വിദ്യാർത്ഥികൾക്കും തൊഴിൽ കഴിഞ്ഞെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കും വലിയൊരു ആശ്വാസമാകുമെന്ന സന്തോഷത്തിലാണ് നാട്ടുകാർ.