ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത്കാവ് ഭഗവതിയുടെ പിള്ളേര് താലപ്പൊലി തിങ്കളാഴ്ച ആഘോഷിക്കും. താലപ്പൊലി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നാട്ടുകാരുടെ വഴിപാടായാണ് ആഘോഷം സംഘടിപ്പിക്കുന്നത്. പുലർച്ചെ നിർമാല്യ ദർശനത്തോടെ ആഘോഷങ്ങൾ തുടങ്ങും. ഉച്ചയ്ക്ക് ഭഗവതിയുടെ പുറത്തേക്ക് എഴുന്നള്ളിപ്പിന് പഞ്ചവാദ്യം അകമ്പടിയാകും. പുറത്തേക്കെഴുന്നള്ളത്ത് തിരിച്ച് ഗോപുരത്തിനു മുന്നിലെത്തിയാൽ കോമരം പറ ചെരിയും. നെല്ല്, അവിൽ, മലർ, പുഷ്പങ്ങൾ, മഞ്ഞൾപ്പൊടി, കുങ്കുമം, നാണയം തുടങ്ങിയവ നിറച്ച ആയിരത്തിലേറെ നിറപറകളാണ് ഭക്തർ സമർപ്പിക്കുക. തുടർന്ന് മേളത്തിന്റെ അകമ്പടിയിൽ കുളപ്രദക്ഷിണമായി ഭഗവതിയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ക്ഷേത്രത്തിൽ സന്ധ്യക്ക് കേളി, നാദസ്വരം, തായമ്പക എന്നിവ നടക്കും. രാത്രി പുറത്തേക്കെഴുന്നള്ളിപ്പിന് ശേഷം ക്ഷേത്രത്തിൽ കളമെഴുത്ത് പാട്ടുമുണ്ടായിരിക്കും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ വിവിധ കലാപരികൾ അരങ്ങേറും. വൈകീട്ട് 6.30ന് പിന്നണിഗായകൻ മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും ഉണ്ടാകും.