ചേലക്കര: അഡ്മിനിസ്‌ട്രേറ്റർ ഭരണത്തിലിരിക്കുന്ന പുലാക്കോട് സർവീസ് സഹകരണ ബാങ്കിൽ വൻ അഴിമതിയെന്ന് മുൻ ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ബാങ്കിന്റെ യഥാർത്ഥ നഷ്ടമായ 4.32 കോടി രൂപയ്ക്കു പകരം 1.40 കോടിയോളം രൂപയേ നഷ്ടമുള്ളൂ എന്നു കാണിച്ച് കഴിഞ്ഞ 20ന് നടന്ന പൊതുയോഗത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ക്രമവിരുദ്ധമായാണ് തുക ചെലവഴിച്ചിട്ടുള്ളതെന്നുമാണ് ആരോപണം.

അഴിമതിയാരോപിച്ച് രണ്ട് വർഷം മുമ്പ് പിരിച്ചുവിട്ട് മുൻ ഭരണ സമിതി അംഗങ്ങളാണ് അധികൃതർക്കെതിരെ ആരോപണം ഉന്നയിക്കുന്നത് അഡ്മിനിസ്‌ടേറ്റർ പക്ഷപാതപരമായാണ് നടപടികൾ എടുക്കുന്നതെന്നും ജെ.ആറിന് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും പറയുന്നു. ബാങ്കിൽ നടന്നിട്ടുള്ള ക്രമക്കേടുകൾക്കും, അഴിമതിക്കുമെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് മുൻ ഭരണ സമിതി അംഗങ്ങളായ കെ. രാമചന്ദ്രൻ, കെ.പി. ഷാജി, പി.സി. മണികണ്ഠൻ, സി. ഉണ്ണിക്കൃഷ്ണൻ, അൻവർ സാദത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.