ചാലക്കുടി: അടിപ്പാത നിർമ്മാണത്തിനായി ഗർത്തമുണ്ടാക്കിയ സ്ഥലത്ത് സ്തംഭനാവസ്ഥ നിമിത്തം ചാലക്കുടി ദേശീയ പാതയിൽ ഗതാഗതക്കരുക്ക് രൂക്ഷം. രാവിലെയും വൈകീട്ടുമാണ് ഗതാഗത സ്തംഭനം പതിവാകുന്നത്. ഈ വേളകളിൽ പോട്ടയിൽ നിന്നും മുരിങ്ങൂർ വരെ മൂന്നു കിലോ മീറ്റർ ദൂരം സഞ്ചരിക്കുന്നതിന് ഒരു മണിക്കൂറോളം വേണ്ടിവരുന്നുണ്ട്.
മുനിസിപ്പൽ ജംഗ്ഷനിൽ നിന്നും തൃശൂർ ഭാഗത്തേയക്ക് കടന്നുപോകുന്ന വാഹനങ്ങൾ അടിപ്പാതയ്ക്കായി മാറ്റിയിട്ടിരിക്കുന്ന സ്ഥലത്തെത്തുമ്പോൾ കിഴക്കുഭാഗത്തെ റോഡിലേക്ക് കടക്കേണ്ടി വരുന്നു. എറണാകുളം റൂട്ടിലേക്കുള്ള വാഹനങ്ങളും കൂടിയാകുമ്പോൾ ഇവിടെ രണ്ടുവരിയിലാകുമ്പോൾ രണ്ടുവരിയിലാണ് ഗതാഗതം നടക്കുന്നത്. ഇതാണ് സ്തംഭനാവസ്ഥക്ക് കാരണം.
വേഗം കുറച്ചു പോകുന്ന വാഹനങ്ങൾ ട്രാഫിക് സിഗ്‌നലിലും പെടുമ്പോൾ ഗതാഗതക്കുരുക്ക് പതിന്മടങ്ങാകും. ഇതിനിടെ പലയിടത്തും നിത്യേന ചെറിയ അപകടങ്ങളും സംഭവിക്കുന്നുണ്ട്. ഇതും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നു. കാൽഭാഗം മാത്രമായി കിടക്കുന്ന അടിപ്പാതയുടെ നിർമ്മാണം ഇനി എന്നു പുനരാരംഭിക്കുമെന്ന് അധികാരികൾക്ക് നിശ്ചയമില്ല. ഈ സാഹചരത്തിൽ യാത്രക്കാർ എത്രകാലം ദുരിതം അനുഭവിക്കുമെന്ന് ആർക്കുമറിയില്ല.