ചെറുതുരുത്തി: ചെറുതുരുത്തിയിൽ രാത്രി വീട്ടമ്മ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പാലക്കാട് മണ്ണാർക്കാട് സ്വദേശി മോഹനനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ചെറുതുരുത്തി കാട്ടിൽ മന റോഡിൽ മണ്ണേംകോട്ട് വീട്ടിൽ പരേതനായ ശിവശങ്കരന്റെ മകളും പാലക്കാട് മുട്ടിക്കുളങ്ങര അനാഥ മന്ദിരത്തിലെ സൂപ്രണ്ടുമായ ചിത്രയാണ് (48) കഴിഞ്ഞദിവസം രാത്രി പത്തോടെ വെട്ടേറ്റു മരിച്ചത്.
ഭർത്താവ് മോഹനന് ഒപ്പം കാറിലെത്തിയ സംഘമാണ് വീട്ടമ്മയെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയതെന്നായിരുന്നു വിവരം. എന്നാൽ ഭർത്താവ് മോഹനൻ തന്നെയാണ് ചിത്രയെ വെട്ടിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. രണ്ട് വർഷമായി ഭർത്താവുമായി പിരിഞ്ഞ് ചെറുതുരുത്തിയിലുള്ള വീട്ടിലായിരുന്നു ചിത്രയുടെ താമസം. ഒറ്റപ്പാലം കുടുംബ കോടതിയിൽ കേസ് നടന്നു വരികയാണ്. ബുധനാഴ്ച രാത്രി ഭർത്താവ് മോഹനനും സംഘവും കാറിൽ ചിത്രയുടെ വീട്ടിലെത്തുകയും മോഹനൻ കോളിംഗ് ബെൽ അടിച്ച്, പുറത്തു വന്ന ചിത്രയെ തലങ്ങും വിലങ്ങും വെട്ടുകയുമായിരുന്നു. സമീപത്തുള്ള വീട്ടുകാർ ടി.വി കണ്ടുകൊണ്ടിരുന്നതിനാൽ പുറത്ത് നടക്കുന്ന സംഭവങ്ങൾ ആരും അറിഞ്ഞിരുന്നില്ല. ചിത്രയുടെ അലർച്ച കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്.
വെട്ടേറ്റ ചിത്ര അൽപ്പദൂരം ഓടിയെങ്കിലും മുറ്റത്തു തന്നെ തളർന്നു വീണു. പിടിച്ചു മാറ്റാൻ ചെന്ന പിതൃസഹോദരി ദേവകിയുടെ കൈയ്ക്കും വെട്ടേറ്റു. ഓടിയെത്തിയ അയൽ വാസികൾ ഇതെല്ലാം കണ്ട് ഞെട്ടി നിൽക്കവേ അക്രമിസംഘം കാറിൽ കയറി രക്ഷപ്പെട്ടു. തൊട്ടടുത്തു താമസിക്കുന്ന സഹോദരൻ ബാബുവും അയൽ വാസികളും ചേർന്ന് ചിത്രയെ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളേജിലെത്തുന്നതിന് മുമ്പേ മരണം സംഭവിച്ചു. അദ്ധ്യാപകനായിരുന്ന മോഹനൻ സർവീസിൽ നിന്നും വി.ആർ.എസ് എടുത്തിരുന്നു. വിരലടയാള വിദഗ്ദ്ധൻ യു. രാമദാസും, ഫോറൻസിക് വിദഗ്ദ്ധ റിനി തോമസും, പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.
മണ്ണാർക്കാട് സ്വദേശിയാണ് മോഹനൻ. എം.ബി.ബി.എസ് പൂർത്തിയാക്കിയ ഗൗതം, പാലായിൽ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ പഠിക്കുന്ന യദു എന്നിവർ മക്കളാണ്. കുന്നംകുളം എ.സി.പി: ടി.എസ്. സിനോജ്, വടക്കാഞ്ചേരി സി.ഐ: എം. മാധവൻകുട്ടി , ചെറുതുരുത്തി എസ്.ഐ: സിബീഷ് വി.പി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. ചിത്രയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് അന്ത്യകർമ്മങ്ങൾക്ക് ശേഷം പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ സംസ്‌കരിച്ചു.