തൃശൂർ : ജില്ലാ ജയിലിലെ തടവുകാരിൽ നിന്ന് അരലക്ഷം രൂപ പിടികൂടി. തടവുകാരനെ പരിശോധിച്ചതിൽ അരലക്ഷം രൂപ കണ്ടെടുത്തു. വാടാനപ്പള്ളി സ്വദേശിയായ സുഹൈൽ (41) എന്നയാളുടെ അടിവസ്ത്രത്തിനുള്ളിൽ നിന്നാണ് പണം കണ്ടെത്തിയത്. മോഷണക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന വാടാനപ്പിള്ളി സ്വദേശി സുഹൈലിനെയാണ് അസി. സൂപ്രണ്ടും സംഘവും റെയ്ഡിൽ പിടികൂടിയത്.
2000 രൂപയുടെ 25 നോട്ടുകൾ കണ്ടെടുത്തു. ജയിലിൽ ഇന്നലെ വൈകിട്ട് മൂന്നിന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണിയാൾ. വിയ്യൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ കൂട്ടാളികൾ രഹസ്യമായി കൈമാറിയ പണമാണിതെന്നു പൊലീസ് സംശയിക്കുന്നു.
വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കാലത്ത് സുഹൈൽ ഒരുവട്ടം ജയിൽ ചാടിയിരുന്നു. പണിക്കായി പുറത്തിറക്കിയ തക്കത്തിന് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മതിൽചാടി ഓടുകയായിരുന്നു. ഒരു വർഷത്തിനു ശേഷമാണ് പിടികൂടാൻ കഴിഞ്ഞത്. മറ്റു ജയിലിനുള്ളിൽ കഞ്ചാവ് വിൽപന നടത്തി ചില തടവുകാർ പണമുണ്ടാക്കാറുണ്ടെങ്കിലും ജില്ലാ ജയിലുകളിൽ ഇതത്ര വ്യാപകമല്ല.