തൃശൂർ: ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയിലൂടെയും പ്രധാനമന്ത്രി ആവാസ് യോജനഗ്രാമീൺ പദ്ധതിയിലൂടെയും പൂർത്തീകരിച്ച ഭവന ഗുണഭോക്താക്കളുടെ ജില്ലയിലെ പ്രഥമ കുടുംബ സംഗമവും അദാലത്തും ഇന്ന് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ നടത്തുമെന്ന് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർപ്പിട ഗുണഭോക്താക്കൾക്ക് വിവിധ വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ 20 വകുപ്പുകളുടെ നേതൃത്വത്തിൽ അദാലത്ത് വഴി പരിഹരിക്കും. രണ്ട് ഘട്ടങ്ങളിലായി 201 ഭവനങ്ങളുടെ നിർമാണമാണ് പൂർത്തീകരിച്ചിട്ടുള്ളത്. ലൈഫ് മിഷൻ ഒന്നാം ഘട്ടം ജില്ലയിൽ ആദ്യം പൂർത്തീകരിച്ചത് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്താണ്.
ലൈഫ് മിഷൻ അദാലത്തിന്റെ ഉദ്ഘാടനം രാവിലെ 10.30 ന് രമ്യ ഹരിദാസ് എം.പി നിർവഹിക്കും. രണ്ടിന് കുടുംബസംഗമം മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്യും. ഉപഹാര സമർപ്പണം അനിൽ അക്കര എം.എൽ.എ നിർവഹിക്കും. പ്രതിഭാ പുരസ്‌കാര സമർപ്പണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിക്കും. ബ്ലോക്ക് പ്രസിഡന്റ് സി.വി കുരിയാക്കോസ് അദ്ധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി കുരിയാക്കോസ്, പി.കെ പുഷ്പാകരൻ, ലൈജു സി. എടക്കളത്തൂർ, ബിജു വർഗ്ഗീസ്, എം.ടി സന്തോഷ് എന്നിവർ പങ്കെടുത്തു.