kda-pink-police
ചികിത്സക്കുശേഷം യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകുന്ന പിങ്ക് പൊലീസ്

കൊടകര: ചാലക്കുടി ഡിവൈ.എസ്.പി ഓഫീസിന്റെ പിങ്ക് പൊലീസ് സംഘം അവശയായ യുവതിക്ക് തുണയായി. തൃശൂർ പുത്തൂർ കൈനൂർ ഐനിക്കാട്ടിൽ ഷാജുവിന്റെ ഭാര്യ രേഷ്മക്കാണ് (28) പിങ്ക് പൊലീസ് ഇക്കുറി തുണയായത്. പന്തല്ലൂരിലുള്ള അമ്മൂമയെ കണ്ട് ഇരുചക്രവാഹനത്തിൽ മടങ്ങവെ ‍‍ഛർദ്ദിച്ച് അവശയായി ദേശീയപാത നെല്ലായിയിൽ നന്തിക്കര സ്‌കൂളിനു അടുത്തായി റോഡരികിൽ ഇരിക്കുകയായിരുന്നു രേഷ്മ. ദേശീയപാതയുടെ സമീപത്തുകൂടി നിരവധിപേർ കടന്നുപോയെങ്കിലും ഇക്കാര്യം ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. എന്നാൽ ചാലക്കുടിയിൽ നിന്നും പുതുക്കാട്ടേക്ക് പട്രോളിംഗിനായി പോയ പിങ്ക് പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് സംഭവം. യുവതിയുടെ അവസ്ഥ പന്തിയല്ലെന്നു കണ്ട ഉടനെ പൊലീസിന്റെ വാഹനത്തിൽ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് ‍‍‍‍ഛർദ്ദിക്ക് ഇടയാക്കിയത്. മൂന്ന് മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ച പിങ്ക് പൊലീസ് സംഘം യുവതിയെ കൈനൂരിലെ വീട്ടിൽ എത്തിച്ചശേഷമാണ് മടങ്ങിയത്. സീനിയർ സി.പി.ഒ മാരായ ജെന്നി ഡേവീസ്, ബേബി മണിലാൽ, ഗ്രേഡ് സി.പി.ഒ മിനി ഗോപി എന്നിവരാണ് പിങ്ക് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.