തൃശൂർ: മൂന്ന് വർഷത്തിലേറെയായി നിർമ്മാണം ആരംഭിച്ചിട്ടും എങ്ങുമെത്താതെ കിടക്കുന്ന ദേശീയപാത കുതിരാൻ തുരങ്ക നിർമ്മാണ പ്രവൃത്തി പുനരാരംഭിക്കാൻ കരാർ കമ്പനിക്ക് ഒടുവിൽ ദേശീയപാത അതോറിറ്റിയുടെ അന്ത്യശാസനം. കരാർ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തുമെന്ന മുന്നറിയിപ്പാണ് നൽകിയത്. ഫണ്ട് കണ്ടെത്തി ജനുവരി 10 നകം നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കണമെന്നാണ് അന്ത്യശാസനം നൽകിയത്. എന്നാൽ പണി ആരംഭിക്കാനുള്ള യാതൊരു നടപടികളും കരാർ കമ്പനി ആരംഭിച്ചിട്ടില്ല.

എം.പിമാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ഇടപെട്ടതിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി. മുരളീധരൻ തുരങ്കപാത സന്ദർശിച്ചിരുന്നു. കേന്ദ്രഗതാഗത ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുമായി ടി.എൻ പ്രതാപൻ എം.പി രണ്ട് തവണ ചർച്ചയും നടത്തി. എന്നാൽ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കാൻ കരാർ കമ്പനി തയ്യാറായില്ല.

കുടിശിക ലഭിക്കാതെ മുന്നോട്ടില്ല


അതേസമയം കരാർ കമ്പനി ഉപകരാർ നൽകിയ പ്രഗതി കമ്പനി തങ്ങളുടെ കുടിശിക അവസാനിപ്പിക്കാതെ നിർമ്മാണ പ്രവൃത്തികൾ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്. പതിനാല് മാസം മുമ്പാണ് സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് നിർമ്മാണ പ്രവൃത്തി നിറുത്തിയത്. പ്രളയത്തെ തുടർന്നുണ്ടായ മണ്ണ് ഇടിച്ചിലും തുരങ്ക നിർമ്മാണത്തിന് തിരിച്ചടിയായി. 2016 മേയ് 13 നാണ് തുരങ്ക നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്. 910 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയത്. ആദ്യതുരങ്കത്തിന്റെ തൊണ്ണൂറ് ശതമാനം പണി പൂർത്തിയായെങ്കിലും സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് നിർമ്മാണ പ്രവൃത്തികൾ തടസപ്പെട്ടു. ബാങ്കകളുടെ കൺസേർഷ്യം കരാർ കമ്പനിക്ക് വായ്പ നൽകുന്നത് നിറുത്തിവെച്ചതാണ് നിർമ്മാണ പ്രവൃത്തികൾ തടസപ്പെടാനിടയായത്. പ്രഗതി കമ്പനിക്ക് കരാറുകാർ നൽകാനുള്ളത് 40 കോടിയാണ്.

സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായില്ല


തൂരങ്കപാതയിൽ ട്രയൽ റൺ നടത്തിയെങ്കിലും 2018 മേയ് 18 ന് അഗ്‌നി സുരക്ഷാ വിഭാഗം ആവശ്യപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കാരണത്താൽ തുരങ്കപാതയിലൂടെയുള്ള ഗതാഗതത്തിന് അനുമതി നിഷേധിച്ചു. കഴിഞ്ഞ ജില്ലാ കളക്ടർമാരുടെ യോഗത്തിൽ വരെ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നിരുന്നു. ഇത് പ്രകാരം ഇതുമായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം നിർമ്മാണം പൂർത്തിയാക്കില്ലെന്നാണ് തോന്നുന്നത്. ഇനിയും നിർമ്മാണം തുടങ്ങിയില്ലെങ്കിൽ ഇവരെ പുറത്താക്കി മറ്റൊരാളെ കരാർ ഏൽപ്പിക്കണം.


എസ്. ഷാനവാസ്, (ജില്ലാ കളക്ടർ)