ഗുരുവായൂർ: ഗുരുവായൂരിൽ നിന്നും തൃശൂരിലേക്ക് രാവിലെ പോകേണ്ട പാസഞ്ചർ തീവണ്ടി വൈകുന്നത് പതിവാകുന്നു. ഇന്നലെ നാൽപത് മിനുട്ടോളം വൈകിയാണ് വണ്ടി പുറപ്പെട്ടത്. ഇതുമൂലം തൃശൂരിൽ നിന്നും മറ്റു ട്രെയിനുകളിൽ പോകേണ്ട യാത്രക്കാരും തൃശൂരിൽ ജോലിയ്ക്കായി പോകുന്നവരുമായ നിരവധി യാത്രക്കാർ വലഞ്ഞു.
രാവിലെ 9.05 നാണ് വണ്ടി ഗുരുവായൂരിൽ നിന്നും പുറപ്പെടേണ്ടത്. ഇന്നലെ 9.30നെ പുറപ്പെടുകയുള്ളൂവെന്ന് അറിയിപ്പ് റയിൽവേ നൽകിയെങ്കിലും 9.45 ആയപ്പോഴാണ് വണ്ടി പുറപ്പെട്ടത്. വണ്ടി പുറപ്പെടാൻ വൈകിയതിനെ തുടർന്ന് യാത്രക്കാർ ക്ഷുഭിതരായി സ്റ്റേഷൻ മാസ്റ്ററോട് വണ്ടി വൈകുന്നതിന്റെ കാരണം തിരക്കിയെങ്കിലും വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. രാവിലെ 8.30ഓടെ ഗുരുവായൂരിലെത്തുന്ന എറണാക്കുളം ഗുരുവായൂർ പാസഞ്ചറാണ് 9.05ന് തിരിച്ച് തൃശൂരിലേയ്ക്ക് പോകുക. കഴിഞ്ഞ ദിവസം ഗാർഡ് വിശ്രമിച്ചതിനെ തുടർന്നായിരുന്നു വണ്ടി പുറപ്പെടാൻ വൈകിയിരുന്നത്.