കാഞ്ഞാണി : അധികൃതരുടെ അനാസ്ഥ മൂലം മണലൂരിലെ കാരമുക്ക് കളിമൺ പാത്ര നിർമ്മാണ സഹകരണ സംഘം ഭൂമി കാടു കയറി നശിക്കുന്നു. ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിൽ സഹകരണ സംഘം ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കാരമുക്കിലെ കളിമൺ നിർമ്മാണ സഹകരണ സംഘത്തിനാണ് ഈ ദുർഗതി. സംഘത്തിന്റെ 27 സെന്റ് ഭൂമിയും ഓഫീസും അതിനോട് ചേർന്ന് മൺപാത്ര നിർമ്മാണത്തിനുള്ള കെട്ടിടവും കെടുകാര്യസ്ഥത മൂലം നിലം പൊത്തി. 1954ൽ പ്രവർത്തനം ആരംഭിച്ചതാണ് സംഘം. മണലൂർ, അന്തിക്കാട്, താന്ന്യം, പഞ്ചായത്തുകളിൽ കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയ കുടുംബങ്ങൾക്ക് സംഘം ആ കാലഘട്ടത്തിൽ ഏക ആശ്രയമായിരുന്നു. ഈ കുടുംബങ്ങൾ ഉണ്ടാക്കുന്ന മൺപാത്രങ്ങൾ ഇടത്തട്ടുകാരുടെ പക്കൽ എത്താതെ സംഘം നേരിട്ട് വാങ്ങി ചാവക്കാട്, പൊന്നാനി, തിരൂർ എന്നിവിടങ്ങളിൽ വിൽക്കുകയായിരുന്നു. ഇതിനിടയിൽ വിൽപ്പന കുറയുകയും, പാടങ്ങളിൽ നിന്ന് കളിമൺ എടുക്കാൻ പാടില്ലെന്ന നിയമം വരികയും സംഘം സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തു. കടബാദ്ധ്യതയും വന്നു. 1976ൽ ഖാദി ബോർഡ് ജപ്തി നടപടി ആരംഭിച്ചു. 40,000 രൂപയാണ് കടബാദ്ധ്യത ഉണ്ടായിരുന്നത്.
അതിനായി ജപ്തി നടപടിക്രമം ആരംഭിച്ചു. സ്റ്റേ വാങ്ങിയത് കൊണ്ട് ഭൂമിയും കെട്ടിടങ്ങളും അന്യാധീനമായി പോയില്ലെങ്കിലും സംഘത്തിന്റെ പ്രവർത്തനം നിലച്ചു. പിന്നീട് കടബാദ്ധ്യതകൾ തീർത്ത് കേരള മൺപാത്ര സമുദായ സഭ സംസ്ഥാന സെക്രട്ടറി സി. എസ് പ്രേമന്റെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ഏഴ് അംഗ ഭരണസമിതി രംഗത്ത് വന്നു. ഭരണസമിതിക്കുള്ളിൽ രാഷ്ട്രീയ ചേരിതിരിവുകൾ വന്നതിനെ തുടർന്ന് ഒരു വിഭാഗം ആളുകൾ ഖാദിബോർഡിന് പരാതി നൽകി.
പിന്നീട് അംഗങ്ങളിൽ നിന്ന് 3 അംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ ആറ് മാസത്തേക്ക് തെരഞ്ഞെടുത്ത് തിരഞ്ഞെടുപ്പ് നടത്താൻ ചുമതലപ്പെടുത്തിയെങ്കിലും തിരഞ്ഞെടുപ്പ് നടന്നില്ല. ഇപ്പോൾ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞു. ഇതോടെ സംരക്ഷിക്കാൻ നാഥനില്ലാത്ത അവസ്ഥയായി. മാത്രമല്ല കളിമൺപാത്ര നിർമ്മാണത്തിന് കളിമണ്ണിനായി അക്വയർ ചെയ്തെടുത്ത താനാപാടം പാടശേഖത്ത് 10 പറയ്ക്കുള്ള നെൽ വയൽ അനാഥമായി കിടക്കുകയാണ്. സംഘം മെമ്പർമാർ തിരഞ്ഞെടുപ്പ് നടത്താൻ മുന്നോട്ട് വരാത്തതാണ് പ്രശ്നമെന്നാണ് ഖാദി ബോർഡ് പ്രോജക്ട് ഓഫീസർ വിശദീകരിക്കുന്നത്.
........
തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്ത് സംഘത്തെ സംരക്ഷിക്കാനുള്ള നടപടികൾ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് അപേക്ഷകൾ പലതവണ നൽകിയിട്ടും മറുപടി ഉണ്ടായില്ല
സി. എസ് പ്രേമൻ
സമുദായ സഭ സംസ്ഥാന സെക്രട്ടറി