ചാവക്കാട്: ചേറ്റുവ പൊന്നാനി ദേശീയപാതയിൽ അടുത്തിടെ നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ക്രമക്കേടുകളും അപാകതകളും നടന്നിട്ടുണ്ടെന്നുള്ള ആരോപണത്തെ തുടർന്ന് ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഗുരുവായൂർ ചാവക്കാട് പൗരാവകാശ വേദിക്ക് വേണ്ടി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം ജില്ലാ കലക്ടർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. അന്വേഷണം നടത്തുന്നതിനും തുടർ നടപടികൾക്കുമായി ജില്ലാ കലക്ടർ പി.ഡബ്ലയു.ഡി ഡപ്യൂട്ടി ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി.
കഴിഞ്ഞ കാലങ്ങളിൽ ഈ പ്രദേശത്ത് പലപ്പോഴായി നടന്ന റോഡ് നിർമാണങ്ങളിൽ വ്യാപകമായി തിരിമറികളും ക്രമക്കേടുകളും നടന്നതായി വിവിധ സംഘടനകളും പൊതുജനങ്ങളും ആക്ഷേപം ഉന്നയിച്ചിരുന്നു. പണിതീർന്ന ഉടനെ തന്നെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെയാകുന്നത് പതിവായിരുന്നു.