തൃശൂർ: പൗരത്വ നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറയുന്ന ഗവർണർക്കെതിരെ മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നല്ലപിള്ള ചമയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ ആരോപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കാണിച്ച ധൈര്യം പോലും മുഖ്യമന്ത്രിക്കുണ്ടായില്ല. നിയമസഭയെ ഗവർണർ അപമാനിച്ചിരിക്കുകയാണ്.
ഗവർണറുമായി സംവാദത്തിന് തയ്യാറല്ല. വേണമെങ്കിൽ മോദിയുമായി നടത്താം. ജനവികാരം മാനിച്ചാണ് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ പ്രമേയത്തെ എതിർക്കാതിരുന്നത്. നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏഴിന് യു.ഡി.എഫ് ജില്ലാ കമ്മിറ്റികൾ വിളിക്കും. തുടർന്ന് പഞ്ചായത്ത്, നിയോജക മണ്ഡലം, ജില്ലാ തലങ്ങളിൽ ഭരണഘടനാ സംരക്ഷണ സമിതികൾ രൂപീകരിക്കും. ഗാന്ധി സമാധി ദിനമായ 30 ന് എല്ലാ ജില്ലകളിലും മനുഷ്യഭൂപടം നിർമ്മിക്കും. ലോക കേരളസഭ ബഹിഷ്കരിക്കണമെന്നത് യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ തീരുമാനമാണ്. പ്രവാസികളായിരുന്ന പുനലൂരിലെ സുഗതനും കണ്ണൂരിലെ സാജനും നീതി കിട്ടിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.