തൃശൂർ : വൈഗ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ടി.എൻ. പ്രതാപൻ എം.പി വിട്ടു നിന്നു. നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിക്കളഞ്ഞ ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്നും പ്രതാപൻ പറഞ്ഞു. വൈഗ ഉദ്ഘാടനച്ചടങ്ങിനായി തൃശൂരിൽ എത്തിയപ്പോഴും പ്രമേയത്തിന് നിയമ സാധുതയില്ലെന്ന് ഗവർണർ പറഞ്ഞിരുന്നു. ഗവർണറുടെ പരിപാടി നടക്കുന്ന വേദിക്ക് മുന്നിൽ ഇരുന്ന് എം.പി പ്രതിഷേധിക്കുമെന്ന വാർത്തകളാണ് ആദ്യം പുറത്ത് വന്നത്. എന്നാൽ പിന്നീട് ചടങ്ങിൽ നിന്ന് പൂർണമായും വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം പൗരത്വ ബില്ലുമായി ബന്ധപ്പെട്ട യാതൊരു പ്രതികരണവും ഗവർണറുടെ ഭാഗത്ത് നിന്ന് ഇന്നലെ ഉണ്ടായില്ല. വൈഗ ഉദ്ഘാടന വേദിക്ക് സമീപവും പുറത്തും കനത്ത സുരക്ഷയാണ് ഒരുക്കിയത്. സിറ്റി പൊലീസ് കമ്മിഷണർ യതീഷ്ചന്ദ്ര, എ.സി.പിമാരായ വി.കെ. രാജു, ബിജു ഭാസ്‌കർ, ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ക്രമീകരണങ്ങൾ.