lulu

രാജ്യാന്തര പഞ്ചനക്ഷത്ര ഹോട്ടൽ ഹയാത്ത് റീജൻസി നാടിന് സമർപ്പിച്ചു

തൃശൂർ: നിക്ഷേപത്തിന് തയ്യാറായി വരുന്നവർ നാടിനെ ദ്രോഹിക്കാനും കൊള്ളയടിക്കാനും വരുന്നവരാണെന്ന ധാരണ പൂർണമായും തിരുത്തേണ്ട കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിന്റെ ഭാഗമായി 245 കോടി രൂപ ചെലവിട്ട് രാജ്യാന്തര നിലവാരത്തിൽ നിർമിച്ച പഞ്ചനക്ഷത്ര ഹോട്ടൽ - കൺവെൻഷൻ സെന്റർ സമുച്ചയമായ ഹയാത്ത് റീജൻസിയുടെ ഉദ്ഘാടനം പുഴയ്ക്കലിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാടിന്റെ വികസനത്തിൽ നിക്ഷേപകർ വലിയ പങ്കാണ് വഹിക്കുന്നത്. വികസനത്തിനൊപ്പം നിക്ഷേപവും വർദ്ധിക്കണം. അപ്പോഴാണ് യുവതലമുറയ്ക്ക് നല്ല രീതിയിൽ ജോലി ലഭ്യമാകുക. നവകേരളം എന്നത് ഇന്നത്തെ ലോകത്തിനുസരിച്ചുള്ള കേരളമായി മാറുക എന്നതാണ്. നാം നാലാം വ്യവസായ വിപ്ലവത്തിന്റെ കാലത്താണ്. സാങ്കേതിക വിദ്യയിൽ ഒരുപാട് മാറ്റങ്ങൾ വരികയാണ്. അത്തരമൊരു ഘട്ടത്തിൽ കാലാനുസൃതമായി മാറാൻ കഴിയണം.

ടൂറിസം വികസിക്കുന്നതിന് ആനുപാതികമായി താമസ സൗകര്യങ്ങൾ വികസിക്കേണ്ടതുണ്ട്. അതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഹയാത്ത് റീജൻസി ഹോട്ടൽ ശൃംഖല വിപുലീകരിക്കുന്നതിലൂടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നടത്തുന്നത്. ഒരു പൗരന്, ഒരു ടൂറിസ്റ്റ് എന്ന നിലയിൽ കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമം നടത്തണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ഹയാത്ത് റീജൻസി ടൂറിസം പുരോഗതിയിൽ വലിയ സംഭാവന നൽകും. നാടാകെ ഹോം സ്‌റ്റേകളുടെ ശൃംഖലയും വികസിപ്പിക്കാൻ നമുക്ക് കഴിയണം. ബുക്കിംഗിനും യാത്രാ വിവരങ്ങൾക്കുമടക്കം ഹോം സ്‌റ്റേകൾക്ക് കേന്ദ്രീകൃത സംവിധാനം വന്നാൽ ടൂറിസം മേഖല ശക്തിപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. ഹയാത്ത് റീജൻസി ബാൾ റൂം മന്ത്രി വി.എസ് സുനിൽകുമാറും റീഗൽ ബാൾ റൂം മന്ത്രി എ.സി മൊയ്തീനും റീജൻസി കഫെ ടി.എൻ പ്രതാപൻ എം.പിയും ഉദ്ഘാടനം ചെ‌യ്‌തു. കോർപറേഷൻ മേയർ അജിതാ വിജയൻ, ഹയാത്ത് ഇന്ത്യ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് സഞ്ജയ് ശർമ, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷ്‌റഫ് അലി എന്നിവർ സംസാരിച്ചു.

യൂസഫലി, നാടിനോട് കൂറുള്ള

വ്യവസായി: മുഖ്യമന്ത്രി

കേരളത്തിലെ സമ്പന്നനായ മലയാളി എന്ന ഖ്യാതി നേടിയ യൂസഫലിക്ക് ജന്മനാടിനോടുളള ആഭിമുഖ്യം എടുത്തുപറയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ അഭിവൃദ്ധിക്ക് താത്പര്യമെടുക്കുന്ന വ്യവസായ പ്രമുഖനാണ് യൂസഫലി. ഗൾഫിലെ ഭരണാധികാരികളുമായി നടത്തുന്ന ചർച്ചകളുടെ തുടർച്ച സർക്കാരിനേക്കാളും ഓർമ്മവെച്ച് ഓരോന്നും ഓർമിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവാണ്.

ചെറുപ്പക്കാരുടെ സർഗശേഷിയും നേതൃശേഷിയും വളർത്തിയെടുക്കാൻ യൂത്ത് ലീഡർഷിപ്പ് അക്കാഡമി സ്ഥാപിക്കുന്നതിന് സഹായം നൽകാൻ എം.എ. യൂസഫലിയെ പോലുള്ളവർ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.