തൃശൂർ: പ്രതിഷേധിക്കുന്നവരെല്ലാം ശത്രുക്കളല്ലെന്നും ചില തെറ്റിദ്ധാരണകളാണ് അതിന് കാരണമാകുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ ഫോറൻസിക് സയൻസ് സംബന്ധിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
പ്രതിഷേധക്കാരെ മനുഷ്യത്വത്തോടെ സമീപിക്കുന്ന കേരള പൊലീസിന്റെ സമീപനം മികച്ചതാണ്. പ്രതിഷേധിക്കുന്നവരെല്ലാം ശത്രുക്കളാണെന്ന് ധരിക്കരുത്. തനിക്കെതിരെ ആയാലും മറ്റാർക്കെതിരെ ആയാലും പ്രതിഷേധിക്കുന്നവർ ശത്രുക്കളല്ല. അങ്ങനെ ചെയ്യേണ്ടി വരുന്നത് ചില തെറ്റിദ്ധാരണകളുടെ ഭാഗമായിട്ടാണെന്നും പൗരത്വഭേദഗതി നിയമത്തെ ചൊല്ലിയുളള പ്രതിഷേധത്തെ പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാരെ നയപരമായി പൊലീസ് കൈകാര്യം ചെയ്യുന്നത് താൻ നേരിട്ട് കണ്ടതാണ്. ആ ഒറ്റക്കാരണം കൊണ്ടുതന്നെ അഭിനന്ദിക്കുന്നു. ഡി.ജി.പി ലോക്‌നാഥ് ബെഹ്റയെ നോക്കിയായിരുന്നു ഗവർണറുടെ അനുമോദനം.
മികച്ച പൊലീസുകാരെ വാർത്തെടുക്കുന്നതിൽ പൊലീസ് അക്കാഡമി ചെയ്യുന്ന പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു. ഇത് ആഗോള തലത്തിലുള്ള പൊലീസ് പരിശീലന സ്ഥാപനമാകട്ടെയെന്നും ലോകാ സമസ്ത സുഖിനോ ഭവന്തു എന്നും ആശംസിച്ചായിരുന്നു കൈയടികൾ ഏറ്റുവാങ്ങി ഗവർണർ പ്രസംഗം അവസാനിപ്പിച്ചത്. അക്കാഡമി ട്രെയിനിംഗ് ഡയറക്ടറായ എ.ഡി.ജി.പി ഡോ.ബി. സന്ധ്യ, ട്രെയിനിംഗ് ഡി.ഐ.ജി. അനൂപ് കുരുവിള ജോൺ, ഡി.ഐ.ജി. നീരജ് ഗുപ്ത എന്നിവർ പ്രസംഗിച്ചു.