തൃശൂർ: കാശ്മീരി ആപ്പിൾ മുതൽ കുങ്കുമപ്പൂവ് വരെയുളള വൈവിദ്ധ്യങ്ങളുടെ കാഴ്ചയുമായി വൈഗയിലെ കശ്മീർ പവലിയൻ. ജമ്മുകശ്മീർ ഹോർട്ടികൾച്ചർ മിഷൻ സ്റ്റാളിലാണ് കാശ്മീരി ആപ്പിൾ, വാഷിംഗ്ടൺ ആപ്പിൾ, ഗോൾഡൻ ആപ്പിൾ, പ്രമേഹരോഗികൾക്കും ഭക്ഷിക്കാൻ കഴിയുന്ന ഗ്രാനിഡ് സ്മിത്ത് ആപ്പിൾ, മൂത്രാശയ രോഗങ്ങൾ കുറയ്ക്കുവാൻ ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയുന്ന വന്യ ഇനമായ സ്‌കാർലെറ്റ്, സൈബീരിയൻ ആപ്പിൾ തുടങ്ങി വിവിധയിനം ഇനങ്ങളുള്ളത്. ജമ്മുകാശ്മീരിന്റെ കാലാവസ്ഥയിൽ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന മാംസ്യ കലവറകളായ ബദാം, വാൾനട്ട്, ഹേസൽനട്ട് തുടങ്ങിയവയും 'പെയർ' പഴത്തിൽ ഇനങ്ങളും നെല്ലിക്കയും 100 ശതമാനം ജൈവരീതിയിൽ ഉല്പാദിപ്പിച്ചെടുത്ത കുങ്കുമപ്പൂവുമുണ്ട്. ത്രിഫലത്തിൽ ഒന്നായ രാജ്ഹരദ് എന്ന ഫലവും ഒലിവ് പഴങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ജമ്മു കാശ്മീർ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന് കീഴിൽ സ്വയം സഹായ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന വൈവിദ്ധ്യമാർന്ന മൂല്യവർദ്ധിത ഉല്പന്നങ്ങളായ ആപ്പിൾ കോൺസൺട്രേറ്റ്, വിർജിൻ ഒലിവ് ഓയിൽ, റോസ് സിറപ്പ്, ക്യാരറ്റ് പ്രിസർവ് എന്നിവയുടെ പ്രദർശനവും ജൈവ രീതിയിൽ ഉല്പാദിപ്പിച്ചെടുത്ത കുങ്കുമപ്പൂവിന്റെയും, ബദാം, വാൾനട്ട് എന്നിവയുടെയും വില്പനയും ഒരുക്കിയിട്ടുണ്ട്. ഒരു ഗ്രാം കുങ്കുമപ്പൂവിന് 200 രൂപയും ഒരു കിലോ ഗ്രാം ബദാമിന് 1200 രൂപയുമാണ് വില...