തൃശൂർ : വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ കരിങ്കൊടി കാണിക്കാൻ കാത്ത് നിന്ന കെ.എസ്.യു, യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. കെ.എസ്.യു ജില്ലാ സെക്രട്ടറി വി.എസ് ഡേവിഡ്, യൂത്ത്‌ കോൺഗ്രസ്‌ നേതാവ് എം.വി അരുൺ എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പാറമേക്കാവ്‌ ക്ഷേത്രത്തിന് സമീപം പാലസ്‌ റോഡിൽ നിന്നുമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

രാവിലെ തേക്കിൻകാട് മൈതാനിയിൽ കൃഷി വകുപ്പിന്റെ വൈഗ കാർഷികമേളയുടെ ഉദ്ഘാടനത്തിന് ഗവർണർ രാമനിലയത്തിൽ നിന്നും വരുമ്പോൾ കരിങ്കൊടി കാണിക്കാനെത്തിയതായിരുന്നു ഇരുവരും. ഗവർണർക്കെതിരെ പ്രതിഷേധത്തിന് സാദ്ധ്യതയുണ്ടെന്ന നിർദ്ദേശത്തെ തുടർന്ന് കനത്ത സുരക്ഷയും നിരീക്ഷണവുമായിരുന്നു ഒരുക്കിയിരുന്നത്. രണ്ട്‌ പേരെയും കണ്ട് സംശയം തോന്നിയ പൊലീസ് ആദ്യം പിന്മാറാൻ നിർദ്ദേശിച്ചു. പിന്നീട് ബലം പ്രയോഗിച്ചായിരുന്നു ഇരുവരെയും നീക്കിയത്. രണ്ട് പരിപാടികളായിരുന്നു ജില്ലയിൽ ഗവർണർക്കുണ്ടായിരുന്നത്. രാവിലെ വൈഗ മേളയുടെ ഉദ്ഘാടനവും. ഉച്ചയ്ക്ക് രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ ദേശീയ സെമിനാറിന്റെ ഉദ്ഘാടനവും. രണ്ടിടത്തും കനത്ത സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. പ്രതിപക്ഷ നേതാവും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇന്നലെ ജില്ലയിൽ ഉണ്ടായിരുന്നു. 350 ഓളം പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിപ്പിച്ചിരുന്നത്.