തൃശൂർ: നാളികേരം, ചക്ക, വാഴപ്പഴം, തേൻ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ, വിവിധയിനം ചെറുധാന്യങ്ങൾ തുടങ്ങി വൈഗ കാർഷിക മേളയിൽ പ്രദർശിപ്പിച്ചത് കാർഷികവിഭവങ്ങളുടെ വൻ കലവറ. എലിവാലൻ കാച്ചിൽ, അടുക്കൻ അരി മുതൽ വലിച്ചൂരി അരി വരെ, വട്ടവട വെളുത്തുള്ളി, വിവിധയിനം കള്ളിമുൾചെടികൾ, കാത്സ്യ ചേമ്പ്, ആൻഡമാൻ ചൂരൽ ചെടി, പച്ചക്കറി പൾപ്പ് കൊണ്ട് തീർത്ത കരകൗശല വസ്തുക്കൾ, വിവിധങ്ങളായ ഓർഗാനിക് അരി, വ്യത്യസ്തമായ കാർഷിക ഉപകരണങ്ങൾ, ജൈവ കീടനാശിനികൾ, കരകൗശല വസ്തുക്കൾ എന്നിവ അടങ്ങുന്നതാണ് പ്രധാന സ്റ്റാളുകൾ.

ഉത്പന്നനിർമ്മാണം, കാർഷിക യന്ത്രസമഗ്രികൾ, വിപണന മാർഗങ്ങൾ, പാക്കേജിംഗ്, ലൈസൻസിംഗ്, സർട്ടിഫിക്കേഷൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവും നൽകുന്നുണ്ട്. 330 സ്റ്റാളുകളാണ് കൃഷിവകുപ്പും ഫാം ഇൻഫർമേഷൻ ബ്യൂറോയും ചേർന്ന് ഒരുക്കിയിട്ടുളളത്. കേരളത്തിന്റെ സുഗന്ധ വിളകൾ, പുഷ്പങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ സാദ്ധ്യതകൾക്ക് പ്രാധാന്യം നൽകിയാണ് തീം പവലിയൻ തയാറാക്കിയത്. കർഷകരുടെ പുതുരീതികൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. നാളികേര ഇനങ്ങളുടെ ശേഖരം, വിവിധയിനം പഴങ്ങൾ, പച്ചക്കറികളുടെയും കിഴങ്ങുവർഗങ്ങളുടെയും അപൂർവയിനങ്ങൾ, വിവിധ സുഗന്ധവിളകൾ, പൈനാപ്പിൾ ടവർ, വിവിധ കാർഷിക ഉപകരണങ്ങൾ, ലഘുയന്ത്രങ്ങൾ, സ്‌പ്രേയിംഗിനായി ഉപയോഗിക്കുന്ന ഡ്രോണുകൾ എന്നിവ മേളയിലുണ്ട്. വിവിധ ജില്ലകൾ, പഞ്ചായത്തുകൾ, കുടുംബശ്രീ, സുഗന്ധവ്യഞ്ജന വികസന കോർപ്പറേഷൻ, വകുപ്പുകൾ, വയനാടൻ ഗോത്ര വിഭാഗം, കാർഷികോൽപന്ന കമ്പനികൾ എന്നിവയുടെ സ്റ്റാളുകൾ കൂടാതെ ജമ്മു കാശ്മീർ, കർണാടക, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകളുമുണ്ട്. ഓരോയിനം പച്ചക്കറിക്കളുടെയും പഴങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും വിവിധയിനങ്ങൾ മേളയിലെ പ്രധാന ഘടകമായി. പ്രദർശനം ജനുവരി 7ന് സമാപിക്കും.