തൃശൂർ: സൂര്യനെ പാഴ്‌മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുതെന്നും ചരിത്രം മനസിലാവണമെങ്കിൽ വായിച്ചു തന്നെ പഠിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭൂപരിഷ്‌കരണം നടപ്പാക്കിയതിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയത് സി. അച്ചുതമേനോൻ ആണെന്ന് എല്ലാവർക്കും അറിയാം. ചരിത്രം പല രീതിയിൽ പഠിക്കാം. എന്നാൽ വായിച്ചു തന്നെ പഠിച്ചാലേ കാര്യങ്ങൾ വ്യക്തമാകൂ- മുഖ്യമന്ത്രിക്കുള്ള പരോക്ഷ മറുപടിയായി കാനം പറഞ്ഞു.
കാർഷിക പരിഷ്‌കരണ രംഗത്ത് കൈയൊപ്പ് ചാർത്തിയ വ്യക്തിയാണ് അച്ചുതമേനോൻ. ഇതിന്റെ ക്രെഡിറ്റ് മറ്റാർക്കും പകർന്നുകൊടുക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് അർഹമായ സ്ഥാനം നൽകുന്നതാണ് മാന്യത. ഭൂപരിഷ്‌കരണം സംബന്ധിച്ച് പഠിക്കാൻ അച്ചുതമേനോൻ ചെയർമാനായി രൂപീകരിച്ച കമ്മിറ്റിയിൽ കെ.ആർ ഗൗരിഅമ്മയും ഉണ്ടായിരുന്നു. പിന്നീട് സമിതിയുടെ ചെയർമാൻ തന്നെ മുഖ്യമന്ത്രിയായി വന്നതോടെ നിയമം എളുപ്പത്തിൽ നടപ്പാക്കാനായി. ജന്മിത്വം അവസാനിപ്പിക്കുകയെന്നതായിരുന്നു നിയമം കൊണ്ടുദ്ദേശിച്ചത്. അതിന് കഴിഞ്ഞത് നിസാരമായി കാണാനാകില്ലെന്നും കാനം പറഞ്ഞു.
മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് വിപ്പ് കെ. രാജൻ, മേയർ അജിത വിജയൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് തുടങ്ങിയവർ പങ്കെടുത്തു.
അച്ചുതമേനോന്റേത് ഏറ്റവും
മികച്ച സർക്കാർ: സുധീരൻ
കേരളം കണ്ട ഏറ്റവും മികച്ച ഭരണമായിരുന്നു കോൺഗ്രസ് പിന്തുണയോടെ അച്ചുതമേനോന്റേതെന്ന് ചടങ്ങിൽ സംസാരിച്ച വി.എം. സുധീരൻ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് തമസ്‌കരിക്കലാണ്. കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിൽ വന്നത് മുതലാണ് ഇത് കൂടിയത്. ഗാന്ധിജിയെ വരെ തമസ്‌കരിച്ച് കൊണ്ടിരിക്കുകയാണ്. ആര് തമസ്‌കരിച്ചാലും അവർ ചെയ്ത സംഭാവനകൾ എന്നും നിറഞ്ഞു നിൽക്കും.