ചാലക്കുടി: ഭവന രഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീടുനൽകൽ പദ്ധതിയിൽ സംസ്ഥാനത്ത് രണ്ടു ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്ന് ബി.ഡി. ദേവസി എം.എൽ.എ. ലൈഫ് പദ്ധതി പ്രകാരം ചാലക്കുടി നഗരസഭയിൽ വീടു നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലുള്ളവരുടെ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത പദ്ധതിയിൽ നഗരസഭയ അഞ്ഞൂറ് വീടുകളാണ് നിർമ്മിച്ചത്. കനാൽ, റോഡ് പുറമ്പോക്കുകളിൽ താമസിക്കുന്നവരുടെ പുനരധിവാസം 2020ൽ നടപ്പാക്കും. നേരത്തെ പ്രഖ്യാപിച്ച സമ്പൂർണ്ണ പാർപ്പിട പദ്ധതി തടസമായത് തുടർച്ചയായി സംഭവിച്ച പ്രകൃതി ദുരന്തങ്ങളായിരുന്നു എം.എൽ.എ തുടർന്ന് പറഞ്ഞു. നഗരസഭ ജൂബിലി ഹാളിൽ നടന്ന യോഗത്തിൽ ചെയർപേഴ്ൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഗീത സാബു, പി.എം. ശ്രീധരൻ, യു.വി. മാർട്ടിൻ, ബിജി സദാനന്ദൻ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, കൗൺസിലർമാരായ കെ.എം. ഹരിനാരായണൻ, അഡ്വ.ബിജുചിറയത്ത്, മുനിസിപ്പൽ സെക്രട്ടറി എം.എസ്. ആകാശ് എന്നിവർ പ്രസംഗിച്ചു.