pinaryi-vijayan

തൃശൂർ : സംസ്ഥാനത്ത് പച്ചക്കറികൃഷിയിൽ സ്വയംപര്യാപ്തതയ്ക്ക് അപ്പുറം കയറ്റുമതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈഗ 2020 ന്റെ ഭാഗമായി കൃഷിവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന 'ജീവനി' നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നെതർലാൻഡ് മാതൃകയിൽ ചെറിയ സ്ഥലങ്ങളിൽ പോലും വൻതോതിൽ കൃഷി നടത്തി ലാഭകരമാക്കാനാകണം. അതിന് കാർഷിക രംഗത്ത് സമൂലമായ മാറ്റം വരുത്തണം. ചെറിയ രാജ്യമായ നെതർലാൻഡ് പച്ചക്കറി, പൂവ് തുടങ്ങിയവ കയറ്റുമതി ചെയ്യുന്നതിൽ മുൻനിരയിലാണ്. കൃഷിക്ക് അനുയോജ്യമായി മണ്ണിനെ മാറ്റിയെടുക്കുകയാണവർ. പോളിഹൗസ് കൃഷിവഴി ചെറിയ സ്ഥലത്തു നിന്നും ലക്ഷക്കണക്കിന് രൂപയുടെ വരുമാനമുണ്ടാക്കുന്നു. ആ മാതൃകയിൽ കേരളത്തിൽ മഴമറ കെട്ടി കൃഷി ചെയ്യാനാവും. ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കണം. സംസ്ഥാനത്ത് നാലു വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി അതിവേഗം കയറ്റുമതി ചെയ്യാനാകും. കാർഷികാഭിവൃദ്ധിയിലൂടെ സാമ്പത്തിക കുതിച്ചുചാട്ടത്തിനും വഴിയൊരുക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എസ് സുനിൽകുമാർ അദ്ധ്യക്ഷനായി. എം.എൽ.എമാരായ കെ.വി അബ്ദുൾ ഖാദർ, ഇ.ടി സൈമൺ മാസ്റ്റർ, മേയർ അജിതാ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, എം.എസ് സമ്പൂർണ്ണ, ജില്ലാകളക്ടർ എസ്. ഷാനവാസ് എന്നിവർ സംബന്ധിച്ചു.