മാള: മാളയിൽ ബസ് ജീവനക്കാരന് സ്റ്റാൻഡിൽ വച്ച് വെട്ടേറ്റു. അന്നമനട സ്വദേശി ചേമ്പലക്കാട്ട് അൻസാറിനാണ് കാലിൽ വെട്ടേറ്റത്.
വെട്ടിയ ശേഷം പ്രതിയായ കോട്ടമുറി സ്വദേശി ഷെഫീക്ക് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
കാലിൽ സാരമായി മുറിവേറ്റ അൻസാറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റാൻഡിലെ ശുചിമുറിയുടെ പരിസരത്ത് ഉച്ചയ്ക്കായിരുന്നു സംഭവം. വെട്ടേറ്റ ഇയാൾ സമീപത്തെ ഓട്ടോയിൽ കയറിയിരിക്കുകയായിരുന്നു. ഈ പരിസരത്ത് രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. ഓട്ടോ ഡ്രൈവറാണ് ഇയാളെ ആദ്യം മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മുട്ടിന് താഴെ മസിലിനാണ് വെട്ടേറ്റത്.
പ്രതിയുടെ ഭാര്യയുമായി അൻസാറിന് ഉണ്ടായിരുന്ന അടുപ്പമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. അൻസാർ ഇന്ന് ജോലിയിൽ ഇല്ലായിരുന്നു. ഭാര്യയുമായി അൻസാറിനുള്ള അടുപ്പം അറിഞ്ഞപ്പോൾ പല തവണ ഷെഫീഖ് മുന്നറിയിപ്പ് നൽകിയിരുന്നുവത്രേ. എന്നാൽ പിന്മാറാതെ വന്നപ്പോഴാണ് സ്റ്റാൻഡിൽ വച്ച് വെട്ടിയതെന്നാണ് സൂചന.