redfort-
ചെങ്കോട്ട

തൃശൂർ: നെല്ല് പുഴുങ്ങാനും ഉണക്കി കല്ലുകൾ മാറ്റി തവിട് കളയാതെ കുത്തി അരിയാക്കാം. ദിവസം 20 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ 600 കിലോ വരെ നെല്ല് അരിയായി മാറും. മൊബൈൽ സർവീസിന്റെ ഭാഗമായി കർഷകരുടെ വീടുകളിലെത്തിച്ചും പ്രവർത്തിപ്പിക്കാം. കാർഷികരംഗത്ത് ശ്രദ്ധേയമായ ഈ യന്ത്രം വൈഗ പ്രദർശനത്തിലും വിസ്മയമായി. പാലക്കാട് ഒറ്റപ്പാലം അനങ്ങനടിയിലെ ശ്രീജേഷ് വികസിപ്പിച്ചെടുത്ത യന്ത്രം, കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സമഗ്ര നെൽകൃഷി വികസന പദ്ധതി പ്രകാരം വികസിപ്പിച്ച നെല്ല് പുഴുങ്ങി ഉണക്കികുത്തി യന്ത്രം കഴിഞ്ഞ മാർച്ചിലാണ് പ്രവർത്തിപ്പിച്ച് തുടങ്ങിയത്. യന്ത്രത്തിന് ചെലവായത് 26,53,000 രൂപ.

ഏത് കാലാവസ്ഥയിലും പ്രവർത്തനക്ഷമമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.

................................

''സൗരോർജ സംവിധാനത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുമോ എന്ന ഗവേഷണത്തിലാണിപ്പോൾ.''

-ശ്രീജേഷ്.

ആദ്യമായി തമിഴ്നാട് സർക്കാരും

തമിഴ്‌നാട് ഹോർട്ടികൾച്ചർ ആൻഡ് പ്ലാന്റേഷൻ വകുപ്പിന്റെ സ്റ്റാളിൽ വിവിധയിനം സുഗന്ധവ്യഞ്ജനങ്ങൾ ഒട്ടിച്ചു ചേർത്ത് ഒരുക്കിയ ഡൽഹിയിലെ ചെങ്കോട്ടയുടെ മാതൃകയും ശ്രദ്ധേയമായി. ഊട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന തമിഴ്‌നാട് ആർക്കിടെക്ചർ വിഭാഗത്തിലെ നാല് ഉദ്യോഗസ്ഥരാണ് നിർമ്മാണത്തിന് പിന്നിൽ. ആദ്യമായാണ് തമിഴ്‌നാട് സർക്കാർ വൈഗയിൽ പങ്കെടുക്കുന്നത്. തമിഴ്‌നാട് കർഷക സംഘത്തിന്റെ കീഴിലുള്ള ജൈവ ഉത്പന്നങ്ങളാണ് സ്റ്റാളിലുള്ളത്.

ചെങ്കോട്ടയിൽ

ജാതിപത്രി

കുരുമുളക്

ജാതിക്ക

ഉണക്കമുളക്

ഗ്രാമ്പൂ

ഏലയ്ക്ക

പെരുംജീരകം

ജീരകം

ഉലുവ

തക്കോലം

എള്ള്

''ആയുർവേദ ഉത്പന്നമായ സ്ലീപ്പിംഗ് ബാമിന് ആവശ്യക്കാർ ഏറെയാണ്. വാഴപ്പഴം, മുള്ളാത്ത, നോനി എന്നിവയിൽ നിന്നുള്ള സ്‌ക്വാഷ്, ജാം, ഡ്രൈ ഫ്രൂട്ട്, അച്ചാർ, സോപ്പ്, വിർജിൻ കോക്കനട്ട് ഓയിലിൽ നിന്നുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ, ഹോം മെയ്ഡ് ചോക്ലേറ്റ്, തേനിന്റെ വിവിധ ഇനങ്ങൾ എന്നിങ്ങനെ 70 ഉത്പന്നങ്ങളാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്.''

-വസുമതി, ഹോർട്ടികൾച്ചർ ആൻഡ് പ്ലാന്റേഷൻ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ

ഇരപിടിയനെയും കാണാം

സസ്യലോകത്തിലെ പ്രാണിഭോജികളെ വായിച്ചറിഞ്ഞവർക്ക് കണ്ടറിയാൻ വൈഗയിലെ തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രദർശന സ്റ്റാളിൽ ചെന്നാൽ മതി. 'നെപ്പന്തസ് ഖാസിയാന' എന്ന ശാസ്ത്രനാമത്തിലുളള സഞ്ചിച്ചെടി അഥവാ ഇരപിടിയൻ ചെടി മേഘാലയയിലെ ഖാസിയ മലനിരകളിലെ പ്രാണിഭോജി സസ്യമാണ്. ഇന്ത്യയുടെ തനതായ ഇരപിടിയൻ സസ്യമാണ് ഇത്. ചെടിയുടെ ഇലകളിൽ രൂപപ്പെടുന്ന കപ്പിൽ ചെറിയ പ്രാണികൾ മുതൽ ചെറിയ സസ്തനികൾ വരെയുള്ള ജീവികളെ കെണിയിലാക്കി ഭക്ഷണമാക്കി മാറ്റും. കേരളത്തിലെ മത്സ്യവിഭവങ്ങളിലെ ചേരുവയായ കുടംപുളിയും ഇവയുടെ പല ഇനങ്ങളുമുണ്ട്. മാങ്കോസ്റ്റിനും ആറ്റുപുളിയും എല്ലാം ഇവയിൽ ഉൾപ്പടുന്നവയാണ്. ഔഷധസസ്യങ്ങളായ ചെത്തി, കൊടുവേലി, നീല കൊടുവേലി, ആരോഗ്യപച്ച, എശങ്ക് എന്നിവയും ആൽവൃക്ഷത്തിന്റെ ബോൺസായി മാതൃകകളുമുണ്ട്.