തൃശൂർ: പ്ലാസ്റ്റിക്കിന് പകരം എന്ത് എന്ന ചോദ്യം ബാക്കിയാകുമ്പോൾ ബദൽ മാതൃക ഒരുക്കി പ്ലാസ്റ്റിക്കിനെ പ്രതിരോധിക്കാൻ മുമ്പിലുണ്ട് തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി. വൈഗ സ്റ്റാളിൽ നിറയെ പ്ലാസ്റ്റിക്കിന് പകരം വയ്ക്കാവുന്ന ജൈവ ഉത്പന്നങ്ങൾ ആണ്. കയർ, ഗോതമ്പിന്റെ തവിട്, മരപ്പൊടി, കരിമ്പ് എന്നിവ കൊണ്ടാണ് ഇവിടെ പ്രദർശിപ്പിച്ച ഉത്പന്നങ്ങൾ ഉണ്ടാക്കിയത്.
ജൈവ അവശിഷ്ടങ്ങളിൽ നിന്ന് ഡിസ്‌പോസിബിൾ പ്ലേറ്റുകൾ മുതൽ ആഡംബര ഫർണിച്ചറുകൾ വരെ ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ ഇവർ സന്ദർശകർക്ക് വിവരിക്കുന്നുണ്ട്. മുതൽ മുടക്കാൻ തയ്യാറാവുന്ന സംരംഭകർക്ക് സാങ്കേതികമായ എല്ലാ പിന്തുണയും നൽകും. വൈവിദ്ധ്യം, നിർമാണത്തിലെ സൂക്ഷ്മത, പുനർനിർമാണ ശേഷി എന്നിവയാണ് ഉത്പന്നങ്ങളുടെ സവിശേഷത.
കാർഷിക ചുണ്ടൻ വള്ളം
പ്രദർശന നഗരിയിലെത്തുന്ന കർഷകരെയും കൃഷി തൽപരരെയും വരവേൽക്കുന്നത് കേരളത്തിന്റെ തനതു പാരമ്പര്യം വിളിച്ചോതുന്ന ചുണ്ടൻ വള്ളത്തിൽ നിറച്ചുവെച്ച പഴങ്ങളും പച്ചക്കറികളും നാണ്യവിളകളുമാണ്. സുസ്ഥിര വികസനം കാർഷിക സംരംഭകത്വത്തിലൂടെ എന്ന ആശയം വിളിച്ചോതുന്ന വൈഗ തീം പവലിയനിലെ കാഴ്ചകളാണിവ. സുഗന്ധവിളകൾ, ഫലവർഗവിളകൾ എന്നിവയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളാലാണ് തീം പവലിയൻ ഒരുക്കിയത്. നൂതന വിവര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കാർഷിക വിപണിയിൽ വൻമാറ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്റെ പ്രതിഫലനമാണ് വൈഗ തീം പവലിയൻ. ഫാം ഇൻ ഫർമേഷൻ ബ്യൂറോയാണ് അണിയിച്ചൊരുക്കിയത്.
ജീവന്റെ വൃക്ഷം; വൈഗയിൽ താരമായി മുരിങ്ങ
സെന്റർ ഒഫ് എക്‌സലൻസ് ഫോർ മുരിങ്ങയുടെ സഹകരണത്തോടെ തിരുവനന്തപുരം സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റി മുരിങ്ങയിൽ നിന്നുള്ള വ്യത്യസ്ത ഉത്പന്നങ്ങൾ മേളയിൽ പ്രദർശനത്തിന് എത്തിച്ചു. മുരിങ്ങ, തേൻ, മുരിങ്ങയില പൊടി, മുരിങ്ങ എണ്ണ, മുരിങ്ങ വിത്ത് പൊടി, മുരിങ്ങ ബാം, ഫേഷ്യൽ തുടങ്ങി മുരിങ്ങയുടെ വ്യത്യസ്ത ഉത്പന്നങ്ങൾ വൈഗ അന്താരാഷ്ട്ര കാർഷിക പ്രദർശനത്തിൽ ലഭ്യമാണ്.
മനുഷ്യന് ആവശ്യമായ പ്രോട്ടീനും വൈറ്റമിനും ധാതു ലവണങ്ങളും നൽകുന്നുവെന്ന് മാത്രമല്ല ആധുനിക ജീവിതശൈലി രോഗങ്ങളായ ഡയബറ്റിസ്, ബിപി, കൊളസ്‌ട്രോൾ, ഫാറ്റി ലിവർ എന്നിവയ്ക്കും മുരിങ്ങ ഔഷധമാണെന്ന് സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റി വൈസ് ചെയർമാനും ശാസ്ത്രജ്ഞനുമായ ഡോ. കമലാസനൻ പിള്ള പറയുന്നു. ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഗ്ലോബൽ സൂപ്പർ ഫുഡ് സപ്ലിമെന്റ് ആയി അംഗീകരിച്ചാണ് മുരിങ്ങയെ ലോകാരോഗ്യ സംഘടന ജീവന്റെ വൃക്ഷമായി പ്രഖ്യാപിച്ചത്.